കണ്ണൂരില്‍ പൊലീസ് പഠന ക്യാമ്പിനിടെ മേല്‍ക്കൂര തകര്‍ന്നു വീണു; 70 പൊലീസുകാര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ പൊലീസ് പഠന ക്യാമ്പിനിടെ മേല്‍ക്കൂര തകര്‍ന്നു വീണു; 70 പൊലീസുകാര്‍ക്ക് പരിക്ക്

കണ്ണൂര്‍: പൊലീസ് അസോസിയേഷന്‍ പഠന ക്യാമ്പ് നടക്കുകയായിരുന്ന റിസോര്‍ട്ട് തകര്‍ന്ന് എഴുപതോളം പൊലീസുകാര്‍ക്ക് പരിക്ക്. തോട്ടട ബീച്ചിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. ആകെ 80 പേരാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. പരിക്കേറ്റവരില്‍ രണ്ട് പേര്‍ക്ക് സാരമായ പരിക്കുണ്ട്. മരം കൊണ്ടും ഓട് കൊണ്ടും മേഞ്ഞതായിരുന്നു റിസോര്‍ട്ടിന്റെ മേല്‍ക്കൂര. അതുകൊണ്ട് വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ക്ലാസ് നടക്കുന്നതിനാല്‍ ക്യാമ്പിലുള്ളവരെല്ലാം തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ താഴെയുള്ള ഹാളില്‍ തന്നെയായിരുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മേല്‍ക്കൂര തകര്‍ന്ന് വീഴുന്നതിന് അല്‍പസമയം മുമ്പ് ഇവിടെയെത്തി മടങ്ങിയിരുന്നു. തലയ്ക്കാണ് ഏറെ പേര്‍ക്കും പ്രധാനമായും പരിക്കേറ്റത്. വലിയ പഴക്കമില്ലാത്ത റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ കണ്ണൂരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂരിലെ ഡോക്ടര്‍മാരുടെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്ന റിസോര്‍ട്ട്. സംഭവത്തില്‍ പരിശോധന നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

0Shares