
കണ്ണൂരില്‍ നിന്ന് ഗോ എയറില്‍ കുവൈത്തിലേക്ക് പറക്കാം. കണ്ണൂരില്‍ നിന്നുള്ള പ്രതിദിന കുവൈത്ത് സര്‍വീസ് ആരംഭിച്ചു. എയര്‍ബസ് എ320 വിമാനമാണ് സര്‍വീസാരംഭിച്ചത്. 6,999 രൂപ മുതലാരംഭിക്കുന്ന ടിക്കറ്റ് ആദ്യ ദിനം തന്നെ വിറ്റു തീര്‍ന്നു.

രാവിലെ ഏഴു മണിക്ക് പുറപ്പെടുന്ന വിമാനം കുവൈത്ത് വിമാനത്താവളത്തില്‍ പ്രാദേശിക സമയം 9.30ന് എത്തിച്ചേരും. ഇതേവിമാനം രാവിലെ 10.30ന് തിരിച്ച് പ്രാദേശിക സമയം വൈകിട്ട് 6ന് കണ്ണൂരില്‍ എത്തും. പുതിയ സര്‍വീസ് ആരംഭിച്ചതോടെ ഗോ എയര്‍ രാജ്യാന്തര ഓപ്പറേഷന്‍ നടത്തുന്ന എട്ടാമത്തെ വിമാനത്താവളമായി കണ്ണൂര്‍ മാറിയിരിക്കുകയാണ്.
വിമാനത്തിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങില്‍ കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വി. തുളസീദാസ് മുഖ്യാതിഥിയായിരുന്നു. കണ്ണൂര്‍ കുവൈത്ത് വിമാന സര്‍വിസിന് അഭൂതപൂര്‍വമായ സ്വീകരണമാണ് ലഭിച്ചതെന്ന് ഗോ എയര്‍ മാനേജിംഗ് ഡയറക്ടര്‍ ജെ. വാഡിയ പറഞ്ഞു.
