കണ്ണൂരില്‍ കൗമാര കലയുടെ കളിയാട്ടത്തിന് കൊടിയേറ്റം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ കൗമാര കലയുടെ കളിയാട്ടത്തിന് കൊടിയേറ്റം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍: സമൂഹ പുരോഗതിയുടെ ചാലക ശക്തിയാണ് സര്‍ഗ്ഗ പ്രതിഭകള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 57ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനത നെഞ്ചേറ്റിയ സാഹിത്യകാരന്‍മാരെയും കലാകാരന്‍മാരെയും അഭിപ്രായ പ്രകടനം നിഷേധിച്ച് അപമാനിക്കുന്ന പ്രവണത അസഹിഷ്ണതയുടെ കറുത്ത മുഖമാണ് കാട്ടിതരുന്നതെന്നും ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഇത്തരം സമീപനങ്ങള്‍ക്കെതിരെ പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കലാമേളകള്‍ അനാരോഗ്യകരമായ മത്സരത്തിന്റെയും പണക്കൊഴുപ്പിന്റെയും പ്രകടനവേദികള്‍ ആകുന്നത് അങ്ങേയറ്റം ദോഷകരമാണ്. വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം കേവലമായ വൈജ്ഞാനിക വികാസം മാത്രമല്ല, വ്യക്തിത്വത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ പുരോഗതി കൂടിയാണ്. കലാ സാഹിത്യ അഭിരുചികളെ വളര്‍ത്തിയെടുക്കുന്നതിലൂടെ വ്യക്തിത്വ വികാസം പൂര്‍ണ്ണമാകുമെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാറിന് സമഗ്രമായ വിദ്യാഭ്യാസ കാഴ്ചപാടാണ് ഉള്ളതെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരാതികളും വിവാദങ്ങളും ഇല്ലാതെ പുതിയ മാതൃക സൃഷ്ടിച്ചുകൊണ്ട് കലോത്സവം കണ്ണൂരിലെ ജനത നെഞ്ചേറ്റുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ ശശീന്ദ്രന്‍, കെ.കെ ശൈലജ ടീച്ചര്‍,എംപി മാരായ പി.കരുണാകരന്‍, പികെ ശ്രീമതി ടീച്ചര്‍, പൊതു  വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രശസ്ത പിന്നണി ഗായിക കെ.എസ് ചിത്ര മുഖ്യാതിഥിയായിരുന്നു. പ്രൗഢഗംഭീരമായ ചടങ്ങിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
0Shares