കണ്ണൂര്‍: ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തി. പുതുവര്‍ഷദിനം വൈകിട്ടോടെയായിരുന്നു സംഭവം. ഇരിട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയാറാക്കി. ആസാമില്‍ നിന്നും ചെങ്കല്‍ പണിക്കായി ബ്ലാത്തൂരില്‍ എത്തിയ സോഹന്‍ റായിയാ(45)ണു കഴുത്തറുത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. ബ്ലാത്തൂര്‍ ടൗണിനടുത്തുള്ള വാടക വീട്ടിലെ മുറിക്കുള്ളിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപതകമാണെന്ന സൂചനയില്‍ പോലീസ് അന്വേഷണമാരംഭിച്ചു. കൂടെ താമസിക്കുന്ന ഒമ്പതു പേരെ ചുറ്റിപ്പറ്റി തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടില്‍ ബഹളം നടന്നതായി പരിസരവാസികള്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഇന്‍ക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്നു സൂചന