തലശ്ശേരി: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ എം ഗോവി(79) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 5.45 ന് തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1938 സെപ്തംബര്‍ 24 നാണ് ജനനം. കതിരൂര്‍ വാഴയില്‍ തറവാട്ടില്‍ പരേതരായ കുഞാപ്പു -കുഞ്ചിര എന്നിവരുടെ രണ്ടാമത്തെ മകനായിരുന്നു. എം ഗോവി ചെറുപ്പത്തിലെ കമ്യുണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ബാലസംഘത്തിലൂടെ കുട്ടികളെ സംഘടിപ്പിച്ച് പൊതുരംഗത്തെത്തിയ അദ്ദേഹം, 1956 കളില്‍ കതിരൂര്‍, കോടിയേരി മേഖലകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. എന്‍.ഇ ബാലറാം, പി.കെ മാധവന്‍, ടി സി നാരായണന്‍ നമ്പ്യാര്‍,സി എച്ച് കണാരന്‍, എ കെ ജി തുടങ്ങിയവരുമായി എം ഗോവിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭിന്നിപ്പിന് ശേഷം സി.പി.ഐയില്‍ ഉറച്ച് നിന്നു. പാര്‍ടി പ്രവര്‍ത്തനത്തിനിടേ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഹിന്ദി അധ്യാപകനായും ജോലി ചെയ്തിരുന്നു. സി.പി.ഐ തലശ്ശേരി താലൂക്ക് സെക്രട്ടറി, മണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പ്രഗത്ഭനായ ട്രേഡ് യൂനിയന്‍ നേതാവുമായിരുന്നു. ദീര്‍ഘകാലം എ.ഐ.ടി.യു.സിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു. ബീഡി സിഗാര്‍ വര്‍ക്കേഴ്സ് യൂണിയന്റെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ വൈസ് പ്രസിഡണ്ടുമായിരുന്നു.
ഭാര്യ: ഹൈമ. മക്കള്‍: ഹസീന ശ്യാം (ഗെയ്റ്റ് വേ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെന്നൈ), റസീന (കേന്ദ്രീയ വിദ്യാലയം കല്‍പ്പറ്റ). മരുമക്കള്‍: ആര്‍ ശ്യാംജിത്ത് ( സീനിയര്‍ വാറന്റ് ഓഫിസര്‍ ഇന്ത്യന്‍ വ്യോമസേന), ഒ.കെ രജീഷ് (ലീഡിങ്ങ് ഫയര്‍മാന്‍ പാനൂര്‍ ഫയര്‍ സ്റ്റേഷന്‍, ഫയര്‍മാന്‍ അസോസിയേഷന്‍ മുന്‍ കോഴിക്കോട് മേഖലാ സെക്രട്ടറി). സഹോദരങ്ങള്‍: എം ബാലന്‍, എം സരസ്വതി (നിടുമ്പ്രം), എം ലീല (പന്തക്കല്‍). സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പില്‍.
കണ്ണൂരിലെ മുതിര്‍ന്ന സി.പി.ഐ നേതാവ് എം ഗോവി അന്തരിച്ചു