ലണ്ടന്‍: ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഏഷ്യയിലെ ഏറ്റവും കരുത്തരായ രണ്ടു ടീമുകളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത് ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ ഗ്രാന്‍ഡ് ഫിനാലെ എന്ന് തന്നെ പറയാം. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും ഒരു ഐ.സി.സി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. 2007 ട്വന്റി 20 ലോകകപ്പില്‍ ക്രിക്കറ്റ് ആരാധകരെ ഹരം കൊള്ളിച്ച ഫൈനല്‍ ആയിരുന്നു ഇതിന് മുമ്പ് കളിച്ച ഫൈനല്‍. അന്ന് ഇന്ത്യ 5 റണ്‍സിന് ജയിച്ച് കീരിടജേതാക്കളുമായി. ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം എപ്പോഴും ആരാധകര്‍ക്ക് ആവേശമാണ്.

ആരാധകര്‍ക്ക് മാത്രമല്ല, മാര്‍ക്കറ്റിനും. ഇന്ത്യ – പാക് ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം ഇപ്പോള്‍ത്തന്നെ സോള്‍ഡ് ഔട്ടാണ്. കഴിഞ്ഞില്ല, ഇന്ത്യ – പാക് മത്സരത്തിനിടെ അരമിനുട്ട് ടി.വി പരസ്യത്തിന് എത്രയാണ് ചാര്‍ജ്ജ് എന്ന് കേള്‍ക്കണോ. ഒരു കോടി രൂപ. ഇന്ത്യ പാക് മത്സരത്തിന് മാത്രം പരസ്യത്തുക പത്തിരട്ടിയാക്കി റൂപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ടി.വി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ – പാക് കളിക്കുള്ള ടിക്കറ്റുകള്‍ മണിക്കൂറുകള്‍ കൊണ്ടാണ് വിറ്റുതീര്‍ന്നത്. ഇത് കൂടാതെ ലക്ഷക്കണക്കിന് പേര്‍ ടി.വിയിലൂടെ കളി കാണാനുണ്ടാകും. ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തെ ടി.വി എക്‌സിക്യുട്ടീവുകള്‍ എത്ര ത്രില്ലോടെയാകും സ്വീകരിക്കുന്നത് എന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കന്‍ വോഗന്‍ ട്വിറ്ററില്‍ എഴുതിയിട്ടുണ്ട്. നാളെ ഇന്ത്യന്‍ സമയം 3 മണിക്കാണ് കളി. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കുകളിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.