
കൊളംബോ: കടലിലൂടെ ഒഴുകിപ്പോയ ആനയെ ശ്രീലങ്കന്‍ നാവിക സേന രക്ഷിച്ചു. ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്തുനിന്നാണ് ആന അടിയൊഴുക്കില്‍പ്പെട്ട് ഉള്‍ക്കടലിലേക്ക് ഒഴുകിപ്പോയത്. തീരത്ത് നിന്ന് പത്തുമൈലോളം ഉള്ളിലേക്ക് ഒഴുകിയ ആനയെ രക്ഷിക്കാന്‍ ഒടുവില്‍ നാവികസേനയെത്തുകയായിരുന്നു,. നാവികസേനയുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ശ്രീലങ്കന്‍ നാവികസേനയുടെ പട്രോളിംഗിനിടെയാണ് കടലില്‍ മുങ്ങിത്താഴുന്ന ആനയെ കണ്ടത്. കോക്കിലെ വനമേഖലയില്‍ വനത്തിന് നടുവിലൂടെ കടലിലേക്ക് ചെറിയ ഉപ്പുതടാകമുണ്ട്. ഈ തടാകം കടന്ന് അപ്പുറത്തെത്താന്‍ ദീര്‍ഘതൂരം തടാക തീരത്തിലൂടെ മൃഗങ്ങള്‍ക്ക് നടക്കേണ്ടിവരും. എന്നാല്‍ ആനകള്‍ പലപ്പോഴും തടാകം നീന്തി മറുകരയിലെത്താറുണ്ട്.

തടാകം കടക്കുന്നതിനിടെയാകും ഈ ആന ഒഴുക്കില്‍പ്പെട്ട് നിലതെറ്റി പുറംകടലിലേക്ക് ഒഴുകിയതെന്നാണ് കരുതുന്നത്. ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഇതിനെ കോക്കിലെ വനത്തിലേക്ക് വിട്ടു.
