കണ്ണൂര്‍: പാനൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.എം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം നൗഷാദ് കളത്തില്‍ (44), കൂടെയുണ്ടായിരുന്ന പൂളാണ്ടി നൗഫല്‍ (42) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചെണ്ടയാട് കുന്നുമ്മല്‍ സി.പി.എം ഓഫിസിന് മുന്നില്‍വെച്ച് ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇരുവരെയും ഉടന്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനും കാലിനും കൈകള്‍ക്കുമായി മാരകമായ ഒമ്പതോളം വെട്ടേറ്റ നൗഷാദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടുത്തുള്ള കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു ഇരുവരും.
ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഷാജി, ശരത,് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, പാനൂര്‍ സി.ഐ വി.വി. ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
