ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍. റെയില്‍വേ വികസന കാര്യത്തില്‍ കേരളത്തിന്റെ സമീപനം ശരിയല്ലാത്തതുകാരണമാണ് പലതും നഷ്ടമാകുന്നത്. ഭൂമിയേറ്റെടുക്കലടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാനം ജാഗ്രത പുലര്‍ത്തുന്നില്ല. ഭൂമിയേറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാട്ടുകയാണ്. സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയില്‍ മാത്രമെ കേന്ദ്രത്തിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. അതേസമയം റെയില്‍ കോച്ച് ഫാക്ടറി വേണ്ടെന്ന് റെയില്‍വേ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് അതേമന്ത്രി ഇപ്പോള്‍ അറിയിക്കുന്നത്. വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് പീയുഷ് ഗോയല്‍ പറയുന്നത്. 2008 ല്‍ കോച്ച് ഫാക്ടറി പ്രഖ്യാപനം വന്നയുടന്‍ ആദ്യം തുടങ്ങിയത് സ്ഥലമേറ്റെടുക്കലായിരുന്നു.
പ്രാദേശിക എതിര്‍പ്പുകള്‍ പരിഹരിച്ച് അന്ന് കണ്ടെത്തിയത് 439 ഏക്കര്‍ ഭൂമി. വികസന പ്രവര്‍ത്തനത്തിന് പുതുശ്ശേരി പഞ്ചായത്ത് കണ്ടുവച്ചിരുന്ന 12 ഏക്കറും, പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ 12ഏക്കറും വിട്ടുകൊടുത്തു. 89 ഏക്കര്‍ കൃഷിഭൂമി വേറെയും. കോച്ച് ഫാക്ടറിക്കായി 440 കെ വി സബ്‌സ്റ്റേഷന്‍, ജലവിതരണ സംവിധാനം എന്നിവയും സംസ്ഥാനം ഒരുക്കി. 10 വര്‍ഷത്തിനിപ്പുറം മന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ സ്ഥലം വിട്ടുനല്‍കിയ കര്‍ഷകരടക്കമുള്ളവര്‍ സമരത്തിന് ഒരുങ്ങുകയായിരുന്നു. അതിനിടെയാണ് പൂര്‍ണമായും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന മന്ത്രിയുടെ പ്രതികരണമെത്തുന്നത്.
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് റെയില്‍വേ മന്ത്രി; റെയില്‍വേ വികസന കാര്യത്തില്‍ കേരള സര്‍ക്കരിന് വിമൂഖതയെന്നും മന്ത്രി