തിരുവനന്തപുരം: സംസ്ഥാനത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇന്നു മുതല്‍ മാതൃഭാഷ നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ ഉത്തരവുകളും ബോര്‍ഡുകളും ഫയല്‍ നടപടികളും അടക്കം എല്ലാ ഔദ്യോഗിക കാര്യങ്ങളും ഇനി മുതല്‍ മലയാള ഭാഷയിലായിരിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാണ്. നിയമത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുണ്ടാവും. ഓഫിസുകള്‍ക്ക് ഇക്കാര്യത്തില്‍ പിഴവുകള്‍ പറ്റുന്നുണ്ടോ എന്ന കാര്യം വകുപ്പു മേധാവികള്‍ പരിശോധിക്കുകയും നിശ്ചിത ഇടവേളകളില്‍ അവലോകനം നടത്തുകയും ചെയ്യണമെന്നു ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷക്കാര്‍ക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള നിയമങ്ങള്‍ക്ക് മാറ്റമില്ല.

2015 ജനുവരി മുതല്‍ ഔദ്യോഗിക ഭാഷ മലയാളമാക്കി ഉത്തരവിറക്കിയെങ്കിലും പല വകുപ്പുകളും പാലിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പല പരിഷ്‌കാരങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഭരണഭാഷയില്‍ മലയാളം ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചത്. ഇതുപ്രകാരം ഓഫിസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയും അടങ്ങുന്ന തസ്തിക മുദ്രകള്‍ എന്നിവ ഇനി മുതല്‍ മലയാളത്തിലും തയ്യാറാക്കണം. സംസ്ഥാനത്തിനകത്തെ ആവശ്യത്തിന് മലയാളം മുദ്രകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ പരസ്പരമുള്ള കത്തിടപാടുകളും മലയാളത്തിലായിരിക്കണം. അതേസമയം, കേന്ദ്രസര്‍ക്കാര്‍, സുപ്രിംകോടതി, ഹൈക്കോടതി, ഇതര സംസ്ഥാനങ്ങള്‍ തുടങ്ങി കേരളത്തിന് പുറത്തേക്കുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം.