
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താൻ കേരളം ഒമാന്റെ സഹായം തേടി. ഒമാൻ തീരത്ത് മൃതദഹേങ്ങൾ കണ്ടെന്ന വിവരത്തെ തുടർന്നാണ് ഒമാന്റെ സഹായം അഭ്യർഥിച്ചിരിക്കുന്നത്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഒമാൻ സ്ഥാനപതിയുമായി സംസാരിച്ചു. വിദേശകാര്യ മന്ത്രാലയത്തോടും സർക്കാർ സഹായം അഭ്യർഥിച്ചിട്ടുണ്ട്.

അതേസമയം, ഓഖി ദുരന്തബാധിതരെ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ഈ മാസം 19നാണ് മോദി കേരളത്തിലെത്തുക. കൊച്ചിയിലോ കോഴിക്കോട്ടോ വിമാനമിറങ്ങി ലക്ഷദ്വീപിൽ ഓഖി ദുരന്തം വിതച്ച മേഖലകളിൽ സന്ദർശനം നടത്തിയ ശേഷമായിരിക്കും കേരളത്തിലേയും തമിഴ്നാട്ടിലേയും ദുരിതബാധിതരെ കാണാനെത്തുക. സന്ദർശനത്തിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന സർക്കാരുമായി ആശയവിനിമയം നടത്തുകയാണ്.
