ബെയ്ജിങ്: വിജയകരമായി നടന്ന ഓപ്പറേഷന് ശേഷം ഒരു ചെറുചിരിയുമായി പുറത്തേക്ക് വരുന്ന ഡോക്ടര്‍മാരെയാണ് നാം കണ്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ ഓപ്പറേഷന് ശേഷം ഡോക്ടര്‍മാര്‍ കുഴഞ്ഞുവീണ സംഭവം നമുക്കൊരു പുതുമയുള്ള വാര്‍ത്തയാണ്.
ചൈനയിലെ ഫ്യൂജിയന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ആശുപത്രിയിലാണ് സംഭവം. ഒരു രോഗിയുടെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യാന്‍ 32 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടര്‍മാര്‍ ഒടുവില്‍ തളര്‍ന്ന് വീഴുകയായിരുന്നു.
ആറ് വ്യത്യസ്ത ശസ്ത്രക്രിയകള്‍ ഒന്നിനു പിറകേ ഒന്നായി ചെയ്താണ് ഇവര്‍ രോഗിയുടെ തലച്ചോറില്‍നിന്ന് ട്യൂമറുകള്‍ നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ ഇരുവരും ക്ഷീണിതരായി കുഴഞ്ഞ്‌വീഴുകയാണ് ഉണ്ടായത്. വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമൊന്നും ആവശ്യത്തിന് സമയം കിട്ടാതിരുന്ന ഇവര്‍ അല്‍പ്പനേരം നിലത്തു കിടന്നശേഷമാണ് ഊര്‍ജ്ജം വീണ്ടെടുത്ത് എഴുന്നേറ്റത്. കുഴഞ്ഞുവീണെങ്കിലും വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ ഇവര്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചു. ഡോക്ടര്‍മാര്‍ വീണുകിടക്കുന്ന ചിത്രം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.