ഓണക്കാല വിപണി ശക്തമാക്കാന്‍ കൃഷി വകുപ്പ് ഒരുങ്ങുന്നു: ഓണസമൃദ്ധി ചന്തകള്‍ ഓഗസ്റ്റ് 30 മുതല്‍ 

  • Post category:news
  • Reading time:3 mins read
You are currently viewing ഓണക്കാല വിപണി ശക്തമാക്കാന്‍ കൃഷി വകുപ്പ് ഒരുങ്ങുന്നു: ഓണസമൃദ്ധി ചന്തകള്‍ ഓഗസ്റ്റ് 30 മുതല്‍ 

                            തിരുവനന്തപുരം: ഓണക്കാല വിപണി ശക്തമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോകിപ്പിച്ച് കൃഷി വകുപ്പ് ഒരുങ്ങുന്നു. കൃഷിവകുപ്പ്, അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ ഓണസമൃദ്ധി എന്ന പേരിലാണ് ചന്തകള്‍ ഒരുക്കുന്നത്. ഈമാസം 30 മുതല്‍ സപ്തംബര്‍ മൂന്നുവരെയുളള അഞ്ചുദിവസങ്ങളില്‍ സംസ്ഥാനത്തെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ ഓണം- ബക്രീദ് പച്ചക്കറി വിപണികള്‍ സംഘടിപ്പിച്ച്‌കൊണ്ട് വിപണി ഇടപെടല്‍ കൂടുതല്‍ ശക്തമാക്കുമെന്ന് കൃഷ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ ന്യായവില നല്‍കി കര്‍ഷകരില്‍ നിന്നും സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുളളതും, സുരക്ഷിതവുമായ കാര്‍ഷികോത്പന്നങ്ങള്‍ മിതമായ നിരക്കില്‍ എത്തിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി വിവിധ വകുപ്പുകളുടെ ഏകോപനം ഇത്തവണ വിപണികളുടെ നടത്തിപ്പില്‍ ഉണ്ടായിരിക്കും എന്നതാണ് ഒരു പ്രത്യേകത.ഓണം – ബക്രീദ് പച്ചക്കറി വിപണികളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനത്തിനായി പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ കണ്‍വീനറായി ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, സിവില്‍ സപ്ലൈസ്, കുടുംബശ്രീ, ജോയിന്റ് രജിസട്രാര്‍ (സഹകരണസംഘം), ഡെപ്യൂട്ടി ഡയറക്ടര്‍ (പഞ്ചായത്ത്), ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) എന്നിവരുടെ ഒരു യോഗം സംഘടിപ്പിച്ചിട്ടുായിരുന്നു വിവിധ വകുപ്പുകളുമായി സംയോജിച്ചുകൊണ്ട് 4500 – ലധികം നാടന്‍ വിപണികളാണ് ഓണം – ബക്രിദ് പ്രമാണിച്ച് പ്രവര്‍ത്തിക്കുന്നത്.കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ 1500 വിപണികളും സഹകരണവകുപ്പ് 500 വിപണികളും സപ്ലൈകോ 1471 വിപണികളുംകുടുംബശ്രീ 1100 വിപണികളും ഓണക്കാലത്തുണ്ടാകും.കൂടാതെ ഹോര്‍ട്ടികോര്‍പ്പിന്റെ  പൂതുതായി ആരംഭിച്ച 234 വിപണികള്‍, ജില്ല പഞ്ചായത്തുകളുടെ 15 വിപണി, സംഘമൈത്രിയുടെ രണ്ടുവിപണികള്‍ ഉള്‍പ്പെടെ 251 അധിക വിപണികള്‍ കൂടി സംഘടിപ്പിക്കുന്നു.  ആകെ 4822 വിപണികള്‍ രംഗത്തുണ്ടാകുമെന്ന മന്ത്രി പറഞ്ഞു. പഴം-പച്ചക്കറി ഉത്പന്നങ്ങള്‍ കൂടാതെ, മറയൂര്‍ ശര്‍ക്കര, മറയൂര്‍ വെളുത്തുളളി, കേര വെളിച്ചെണ്ണ, തേന്‍ മുതലായവയും സ്റ്റാളുകള്‍ വഴി വില്പന നടത്തുന്നു. ഓണം വിപണികളില്‍ പഴം-പച്ചക്കറികളുടെ സംഭരണ വിലയും, വില്പന വിലയും നിശ്ചയിക്കുന്നത് ജില്ലാതല കമ്മിറ്റികളാണ്.  ഇതിനായി ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ പ്രതിനിധി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ പ്രതിനിധി, കര്‍ഷക പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നാടന്‍ ഇനങ്ങള്‍ക്ക് 10 ശതമാനവും, ജി.എ.പി(നല്ലകൃഷി സമ്പ്രദായങ്ങള്‍) സര്‍ട്ടിഫൈഡ്  പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് 20 ശതമാനവും, പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ അധിക വില നല്‍കിയാണ് സംഭരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നാടന്‍ ഇനങ്ങള്‍ക്ക് വിപണി വിലയുടെ 30 ശതമാനം വില കിഴിവിലും, ജി.എ.പി ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വില കിഴിവിലും ആണ് വില്പന നടത്തുന്നത്. ഓണസമൃദ്ധി വിപണികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നത് ആയിരിക്കും. യാതൊരു കാരണവശാലും പ്ലാസ്റ്റിക്ക് കിറ്റ് ഉപയോഗം ‘തുണി സഞ്ചി ശീലമാക്കൂ – പ്ലാസ്റ്റിക്ക് ഉപേക്ഷിക്കൂ’  എന്ന ബോര്‍ഡ് സ്ഥാപിക്കുകയും, ആവശ്യമായ തുണി സഞ്ചികള്‍ സ്റ്റാളുകളില്‍ ലഭ്യമാക്കുകയും ചെയ്യും.  തുണി സഞ്ചികള്‍ക്കുളള വില ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതാണ്.  ഓണക്കാലത്ത് നമുക്കാവശ്യമുളളത് 5207 എം.ടി പച്ചക്കറികളാണ്. കര്‍ഷകരില്‍ നിന്നും സംഭരിക്കപ്പെടുന്നത് 4389 എം.ടി ആണ്. ഹോര്‍ട്ടികോര്‍പ്പ് പുറമേ നിന്നും കൊണ്ടുവരുന്ന മറ്റു പച്ചക്കറികള്‍ 940 എം.ടി ഉം.  അധികമുളള ആഭ്യന്തര ഉത്പാദനം 1973 എം.ടിയും ആണ്.  (ഓണക്കാലത്ത് സംസ്ഥാനത്തെ ആകെ ഉത്പാദനം 17277 എം.ടി ആണ്) വിവിധ ജില്ലകളില്‍ അധികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ആവശ്യാനുസരണം മറ്റു ജില്ലകളിലേയ്ക്ക് ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിനും, സംസ്ഥാനത്ത് ലഭ്യമല്ലാത്തവ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച് ആവശ്യാനുസരണം വിപണികളില്‍ എത്തിക്കുന്നതിനുമുളള നോഡല്‍ ഏജന്‍സിയായി ഹോര്‍ട്ടികോര്‍പ്പിനെ ചുമതലപ്പെടുത്തിയിട്ടണ്ടുണ്ട്. കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവര്‍ നടത്തുന്ന സ്റ്റാളുകളില്‍ നാടന്‍ പച്ചക്കറികള്‍, ജി.എ.പി (നല്ല കൃഷി സമ്പ്രദായങ്ങള്‍), വട്ടവട-കാന്തല്ലൂര്‍ പച്ചക്കറികള്‍, അന്യസംസ്ഥാന പച്ചക്കറികള്‍ എന്നിവയ്ക്ക് പ്രത്യേകം ബോര്‍ഡുകള്‍ ഉണ്ടായിരിക്കുന്നതാണ്.ഓണം  –  ബക്രീദ് വിപണികളുടെ സംസ്ഥാനതല ഉത്ഘാടനം 30 ന് വൈകുന്നേരം തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലുളള ഹോര്‍ട്ടികോര്‍പ്പിന്റെ സസ്യ സൂപ്പര്‍മാര്‍ക്കറ്റില്‍ മുഖമ്രന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 11.30 ന്് സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്റെ പുതിയസരംഭമായ ‘കോക്കനട്ട് ഷോപ്പി’ യുടെ ഉദ്ഘാടനം ഹോര്‍ട്ടികോര്‍പ്പിന്റെ പാളയത്തുളള വിപണിയില്‍ വച്ച് നടക്കും. സംസ്ഥാനത്തെ നാളികേര ഉത്പാദനകമ്പനികള്‍ ഉത്പാദിപ്പിക്കുന്ന വിവിധ നാളികേര ഉത്പ്പന്നങ്ങള്‍ കോക്കനട്ട് ഷോപ്പിയിലൂടെ വില്‍ക്കപ്പെടുന്നതാണ്.  ചിങ്ങം ഒന്നുമുതല്‍ അടുത്തവര്‍ഷം ചിങ്ങം ഒന്നുവരെ കൃഷിവകുപ്പ് കേരവര്‍ഷമായി ആചരിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. കേരകൃഷിയില്‍ സംസ്ഥാനത്ത് നിലനിന്നിരുന്ന പ്രതാപം വീണ്ടെടുക്കുക എന്നതാണ് കേരവര്‍ഷാചരണത്തിന്റെ ഉദ്ദേശം.

0Shares