കൊല്ലം: അര്‍ദ്ധരാത്രിയില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ പോലീസ് പിടിയില്‍. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് കൊല്ലം ചിന്നക്കടയില്‍ വെച്ച് ചന്ദനയഴികത്ത് പുരയിടത്തില്‍ സിയാദി(35)നെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. സിയാദ് ഓട്ടം കഴിഞ്ഞ് മടങ്ങവെ രാത്രി പന്ത്രണ്ടോടെയാണ് കൊലപാതകം നടന്നത്. ചിന്നക്കട ഉഷ തീയറ്ററിന് അടുത്തുവച്ചാണ് ആദ്യം സിയാദിനെതിരെ ആക്രമണം നടന്നത്, ഇവിടെ നിന്നും വെട്ടുകൊണ്ട ഇയാളെ പിന്‍തുടര്‍ന്ന് വെട്ടി മരണം ഉറപ്പ് വരുത്തിയാണ് കൊലയാളി സംഘം പിന്‍മാറിയത് എന്നാണ് പോലീസ് പറയുന്നത്. സമീപത്തെ ക്ഷേത്രത്തിനടുത്തുള്ള പൂക്കടയിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍, ഓട്ടോറിക്ഷ മറിയുന്നതുകണ്ടു. ഓട്ടോയ്ക്ക് പുറത്ത് സിയാദിനെ ചോരവാര്‍ന്ന നിലയില്‍ കണ്ട ഇവര്‍ സമീപത്തെ കണ്‍ട്രോള്‍ റൂം പോലീസ് ഔട്ട് പോസ്റ്റില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി സിയാദിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറിഞ്ഞ ഓട്ടോയ്ക്ക് സമീപത്തുനിന്ന് ഹോക്കി സ്റ്റിക്കും മൊബൈലും പേഴ്‌സും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഹോക്കി സ്റ്റിക്കുകൊണ്ടുള്ള അടിയേറ്റ് സിയാദിന്റെ വാരിയെല്ലുകളും തകര്‍ന്നതായി പോലീസ് വ്യക്തമാക്കി. സിയാദിന് പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. പ്രശ്നങ്ങളെ തുടര്‍ന്ന് സ്ത്രീയും ഭര്‍ത്താവും ഇരവിപുരത്തേക്ക് താമസംമാറി.
ഇതിനിടെ സിയാദിനൊപ്പം സ്ത്രീ രണ്ടാഴ്ചയോളം താമസിച്ചു. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീയെ തിരികെക്കൊണ്ടുവന്ന് കൗണ്‍സലിങ്ങിന് വിധേയമാക്കി. എന്നിട്ടും അടുപ്പം പുലര്‍ത്തിയതിനെ തുടര്‍ന്ന് ബന്ധുക്കളും ഇവര്‍ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് സിയാദിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. സ്ത്രീയുടെ മാതൃസഹോദരന്‍ ഉള്‍പ്പെടെ പത്തുപേരുടെപേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. നഗരത്തിലെ ഐ.എന്‍.ടി.യു.സി. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയനില്‍ അംഗമായിരുന്നു സിയാദ്. ബീച്ച് റോഡില്‍നിന്ന് ചിന്നക്കടഭാഗത്തേക്ക് വരികയായിരുന്ന സിയാദിന്റെ ഓട്ടോയെ ആഡംബര ബൈക്കില്‍ എത്തിയ രണ്ടുപേര്‍ പിന്തുടരുന്ന ദൃശ്യങ്ങള്‍ നഗരത്തിലെ സുരക്ഷാ ക്യാമറകളില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ബൈക്ക് തന്നെയാണ് മഹാറാണി മാര്‍ക്കറ്റില്‍ സിയാദിന്റെ ഓട്ടോയ്ക്ക് സമീപത്തുനിന്ന് പോയതെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തത്.
ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നത് പ്രവാസിയുടെ ഭാര്യക്കൊപ്പം താമസിച്ചതിന്; ക്വട്ടേഷന്‍ കൊലയ്ക്ക് കാരണം ഇതാണ്