
കൊല്ലം: ഓച്ചിറയിൽ മാതാപിതാക്കളെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ രാജസ്ഥാൻ സ്വദേശിനിയായ 13 കാരിയായ മകളുമായി പ്രതി ബെംഗളുരുവിലേക്ക് കടന്നതായി പോലീസ്. കൃത്യത്തിലെ കൂട്ടുപ്രതികളാണ് ഇവരെ എറണാകുളത്തുനിന്നും ട്രെയിനിൽ കയറ്റിവിട്ടതെന്നും പോലീസ് അറിയിച്ചു. പ്രതി ബെംഗളുരുവിലേക്ക് ടിക്കറ്റെടുത്തതിന് തെളിവുകൾ ലഭിച്ചതായും പോലീസ് പറയുന്നു. ഓച്ചിറ സ്വദേശികളായ റോഷനും സംഘവുമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. വഴിയോര കച്ചവടക്കാരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ.

തിങ്കളാഴ്ചയാണ് ഒരു സംഘം ദമ്പതികളെ ആക്രമിച്ച് മകളുമായി കടന്നുകളഞ്ഞത്. ആദ്യഘട്ടത്തില്‍ മാതാപിതാക്കൾ പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. തുടർന്ന് നാട്ടുകാർ എത്തി ബഹളംവെച്ചതിനു ശേഷമാണ് അന്വേഷണം ആരംഭിച്ചത്. ദമ്പതികളെ മർദ്ദിച്ചവശരാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
കേസിൽ നിലവില്‍ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. ഓച്ചിറ വലിയകുളങ്ങര സ്വദേശികളായ മുഹമ്മദ് റോഷൻ, വിപിൻ, പായ്ക്കുഴി സ്വദേശി പ്യാരി, വള്ളിക്കാവ് സ്വദേശി അജയൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഘത്തിന് കാർ വാടകയ്ക്ക് കൊടുത്ത രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തു.
