തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള 20 ലക്ഷം സഹായധനം ഒരുമിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി. പത്ത് ലക്ഷം രൂപ സര്‍ക്കാരും അഞ്ച് ലക്ഷം രൂപ വീതം മല്‍സ്യബന്ധന വകുപ്പും, മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമാണ് നല്‍കുക. ഇത് ഒരുമിച്ചു നല്‍കും. ദേശീയ ദുരന്ത നിവാരണഫണ്ടില്‍നിന്നും 1843 കോടി രൂപ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി മന്ത്രി സഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കടലില്‍ തെരച്ചില്‍ തുടരണമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാറാമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമനിധിബോര്‍ഡില്‍ അംഗത്വമില്ലാത്ത മരിച്ചവരുടെ കുടുംബത്തിനും ധനസഹായം നല്‍കും. ബോര്‍ഡില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വൈകുന്നതിനാല്‍ അതിനു കാക്കാതെ ബോര്‍ഡിന്റെ ഫണ്ടില്‍നിന്നും ധനസഹായം നല്‍കാനാണ് തീരുമാനം. മരിച്ചവരുടെ ആശ്രിതരില്‍ മാതാപിതാക്കളും ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ 20 ലക്ഷം രൂപയില്‍ അഞ്ചു ലക്ഷം രൂപ മരിച്ചവരുടെ മാതാപിതാക്കള്‍ക്ക് നല്‍കും. മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് അവിവാഹിതരായ സഹോദരിമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വിവാഹ ആവശ്യത്തിനായി അഞ്ചു ലക്ഷം രൂപ നല്‍കും.
കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ തുക ധനസഹായമായി നല്‍കുന്ന 20 ലക്ഷം രൂപയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുക. ഗുരുതരമായി പരിക്കേറ്റ് തുടര്‍ന്ന് തൊഴില്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ബദല്‍ ജീവനോപാധിയായി 5 ലക്ഷം രൂപ നല്‍കും. ആശുപത്രിയില്‍ ചികില്‍സയിലുള്ളവര്‍ക്കും ആശുപത്രി വിട്ടവര്‍ക്കും 20000 രൂപ നല്‍കും. ബോട്ടുനഷ്ടമായവര്‍ക്കും നാശമായവര്‍ക്കും വലകളും മറ്റ് മല്‍സ്യ ബന്ധനോപാധികള്‍ നഷ്ടമായവര്‍ക്കും തത്തുല്യമായ നഷ്ടപരിഹാരം നല്‍കും. മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് പ്രത്യേകപരിഗണന നല്‍കും.സഹായം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ക്കായി ദുരന്തത്തിന് ഇരയായവരുടെ വീടുകള്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്നുണ്ട്. അത് ഇനിയും തുടരും. ദുരിത ബാധിതര്‍ സഹായത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വരില്ല. ഇനി കടലില്‍ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയവും സാങ്കേതികവുമായ നടപടി സ്വീകരിക്കും. ബോട്ടുകളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തും. കണ്ടെത്തിയ മൃതദേഹങ്ങള്‍ ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു. ഇനിയും തിരിച്ചറിയാനുള്ളവരെ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ തിരിച്ചറിയാമെന്ന് കരുതുന്നുവെന്നും മുഖ്യമന്ത്രി. തെരച്ചില്‍ തുടരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ വിളിച്ചിരുന്നു. തെരച്ചില്‍ തുടരണമെന്ന് ആവശ്യം അവര്‍ അംഗീകരിക്കുകയും ചെയ്തു. മൃതശരീരം കണ്ടതായി അറിയിക്കുമ്പോള്‍ കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും പരിശോധന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് മന്ത്രിമാര്‍ ഒരു മാസത്തെ വേതനം നല്‍കിയിട്ടുണ്ട്. ദുരിത ബാധിതരെ സഹായിക്കാന്‍ എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ സ്വീകരിക്കും. ദുരന്ത ബാധിതരെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
