മുംബൈ: ഓഖി ചുഴലിക്കാറ്റുമൂലം മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയത് എണ്‍പതിനായിരം കിലേ മാലിന്യങ്ങള്‍. എന്നാല്‍, ഓഖി ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരങ്ങളിലുണ്ടാക്കിയ വ്യാപകമായ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഇനിയും അവ്യക്തമാണ്. എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മുംബൈ ബീച്ചുകളില്‍ അടിഞ്ഞുകൂടിയത്. കടലിലും നദിയിലും തള്ളപ്പെട്ട മാലിന്യങ്ങളും തീരത്ത് തിരികെയെത്തിച്ചിരിക്കുകയാണ് ഓഖി. രണ്ടുദിവസത്തിനുള്ളിലാണ് ഇത്രയും മാലിന്യം തീരത്തടിഞ്ഞത്. കടലില്‍ നിക്ഷേപിക്കപ്പെട്ട മാലിന്യം ചുഴലിക്കാറ്റിനെ തുടര്‍ന്ന് രൂപപ്പെട്ട വലിയ തിരമാലകള്‍ കരയിലെത്തിക്കുകയായിരുന്നു. എണ്‍പത് ടണ്‍ മാലിന്യമാണ് കരയില്‍ കൂമ്പാരമായിക്കിടക്കുന്നതെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഖരമാലിന്യ സംസ്‌കരണ വിഭാഗം കണക്കാക്കുന്നു.
വെര്‍സോവ, ജൂഹു ബീച്ചുകളില്‍ യഥാക്രമം 15,000 കിലോ, 10,000 കിലോ മാലിന്യങ്ങളാണു കെട്ടിക്കിടക്കുന്നത്. ദാദര്‍ ചൗപട്ടി, മറൈന്‍ഡ്രൈവ്, നരിമാന്‍ പോയിന്റ്, മര്‍വ എന്നിവടങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞിട്ടുണ്ട്. ബീച്ചുകളില്‍ ചിലയിടങ്ങളില്‍ രണ്ടടിയോളം ഉയരത്തില്‍ മാലിന്യം അട്ടിയായി കിടക്കുന്നുണ്ട്. പ്ലാസ്റ്റിക് കൂടുകള്‍, തുണി, കയര്‍, ചെരിപ്പ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ബീച്ചുകളില്‍നിന്ന് മാലിന്യം നീക്കംചെയ്യുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഇതുവരെ 26 ലോഡുകള്‍ നീക്കംചെയ്തുകഴിഞ്ഞു. പൂര്‍ണമായും ഇവ നീക്കംചെയ്യുന്നതിന് മൂന്ന്, നാല് ദിവസങ്ങള്‍ വേണ്ടിവരും. നിരവധി സന്നദ്ധ സംഘടനകളും മാലിന്യം നീക്കംചെയ്യാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
ഓഖി ചുഴലിക്കാറ്റു മൂലം മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയത് 80 ടണ്‍ മാലിന്യം; നീക്കം ചെയ്യാന്‍ ദിവസങ്ങളെടുക്കുമെന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍