ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് നാലുമരണം; അടുത്ത 12 മണിക്കൂര്‍ കരുതിയിരിക്കാന്‍ നിര്‍ദേശം

  • Post category:news
  • Reading time:2 mins read
You are currently viewing ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് നാലുമരണം; അടുത്ത 12 മണിക്കൂര്‍ കരുതിയിരിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ പരക്കെ തുടര്‍ന്നുകൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരള തീരത്ത് ചുഴലിക്കാറ്റും. ഓഖി എന്ന ചുഴലിക്കാറ്റാണ് കന്യാകുമാരിക്കടുത്ത് എത്തിയിരിക്കുന്നത്. ഇത് സംസ്ഥാനത്തും വ്യാപിക്കുമെന്നാണ് കാലാവസ്ഥാ അധികൃതര്‍ നല്‍കുന്ന വിവരം. ഇതോടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മര്‍ദം കാരണമാണ് മഴ കനക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തീര ദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ നാലുപേര്‍ മരിച്ചു. കന്യാകുമാരിയിലും നാലുപേര്‍ മരിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിശക്തമായ കാറ്റ് വീശുമെന്നതിനാല്‍ ജനങ്ങള്‍ക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം കാട്ടാക്കടയില്‍ മഴയത്ത് കടപുഴകി വീണ വൈദ്യുതപോസ്റ്റിന്റെ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കിള്ളിയില്‍ അപ്പുനാടാരും ഭാര്യ സുമതിയുമാണ് ഷോക്കേറ്റ് മരിച്ചത്. കൊട്ടാരക്കര കുളത്തൂപ്പുഴക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. ഓട്ടോഡ്രൈവര്‍ വിഷ്ണു ആണ് മരിച്ചത്.കന്യാകുമാരിയില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അടുത്ത 12 മണിക്കൂര്‍ ഓഖിയുടെ നീക്കം ഏറെ നിര്‍ണ്ണായകമാണ്. വിഴിഞ്ഞം, പൂന്തുറ ഭാഗത്തുനിന്നും കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി നാവികസേനയുടെ ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്. തിരുവനന്തപുരം പൂന്തുറയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ 29 വള്ളങ്ങള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. 150ല്‍ പരം മത്സ്യത്തൊഴിലാളികള്‍ ഈ വള്ളങ്ങളിലുണ്ടായിരുന്നുവെന്നാണ് വിവരം. വ്യാഴം രാവിലെ ഏഴിനു തിരിച്ചെത്തേണ്ടവരായിരുന്നു ഇവര്‍. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ നിര്‍ത്താതെ തുടരുകയാണ്. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം മരം വീണ് ഒരാള്‍ക്കു പരുക്കേറ്റു. മൂന്നു വാഹനങ്ങള്‍ക്കു നാശം സംഭവിച്ചിട്ടുണ്ട്. കാറ്റിലും മഴയിലും പാറശാലയിലെ സ്‌കൂള്‍ ഉപജില്ലാ കലോല്‍സവവേദിയുടെ മേല്‍ക്കൂര തകര്‍ന്നു.അംബൂരിയില്‍ ഉരുള്‍പൊട്ടലുണ്ടായി. പൊന്‍മുടി അടക്കം മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലക്കുള്ള യാത്ര നിരോധിച്ചു.തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നു കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി. പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള പല പ്രദേശങ്ങളിലും റോഡിലേക്കു മരം വീണു. മേഖലയില്‍ വൈദ്യുതി ബന്ധവും തകരാറിലായി.സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വ്യോമസേനയുടെ സഹായവും തേടി. മുഖ്യമന്ത്രി അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. തീരദേശങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.
തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രി കലക്ടര്‍മാരോട് സംസാരിച്ചത്. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ചായിരിക്കണം രക്ഷാപ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോസ്റ്റ്ഗാര്‍ഡിന്റെയും നാവിക-വ്യോമ സേനകളുടെയും സഹായം തേടണമെന്നും അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

0Shares