ഒ..ബിസി ക്വാട്ടയില്‍ കടന്നു കൂടാന്‍ വ്യാജ രേഖ; സബ് കളക്ടര്‍ക്കെതിരെ ഉന്നതല അന്വേഷണം; എറണാകുളം കളക്ടറുടെ മുന്നില്‍ ഹിയറിങ്ങിന് ഹാജരാകാന്‍ നിര്‍ദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing ഒ..ബിസി ക്വാട്ടയില്‍ കടന്നു കൂടാന്‍ വ്യാജ രേഖ; സബ് കളക്ടര്‍ക്കെതിരെ ഉന്നതല അന്വേഷണം; എറണാകുളം കളക്ടറുടെ മുന്നില്‍ ഹിയറിങ്ങിന് ഹാജരാകാന്‍ നിര്‍ദ്ദേശം

കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സിവില്‍ സര്‍വീസിന്‍റെ ഒ.ബി.സി ക്വാട്ടയില്‍ കടന്നു കൂടാന്‍ വ്യാജ രേഖ ചമച്ചത് സംബന്ധിച്ച് ഉന്നതല അന്വേഷണം. കേന്ദ്ര പഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് മന്ത്രാലയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇപ്പോള്‍ മലബാര്‍ മേഖലയില്‍ സബ് കളക്ടറായി ജോലി ചെയ്യുന്ന 2016 ബാച്ച് ഉദ്യോഗസ്ഥനോട് 25ന് എറണാകുളം കളക്ടറുടെ മുന്നില്‍ ഹിയറിങ്ങിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

2015 വര്‍ഷത്തിലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 215ാം റാങ്കുകാരനാണ് ഇദ്ദേഹം. പിന്നാക്ക വിഭാഗത്തിന്‍റെ മേല്‍ത്തട്ട് (ക്രിമിലെയര്‍) ഒഴിവാക്കാന്‍ വരുമാനം കുറച്ചു കാണിച്ചതായും വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ചമച്ച് ഹാജരാക്കിയതായുമാണ് പരാതി. യു.പി.എസ്സിക്ക് സമര്‍പ്പിച്ച അപേക്ഷാ ഫോമില്‍ മാതാപിതാക്കള്‍ക്ക് പാന്‍കാര്‍ഡ് ഇല്ലെന്നും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല എന്നും രേഖപ്പെടുത്തിയിരുന്നു. ഈ രണ്ട് കാര്യങ്ങളും കളവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഇയാള്‍ സമര്‍പ്പിച്ച അപേക്ഷാ ഫോമില്‍ 2012-13ല്‍ 1.8 ലക്ഷവും, 2013-14 കാലയളവില്‍ 1.9 ലക്ഷവും, 2014-15 കാലയളവില്‍ 2.4 ലക്ഷവുമാണ് വരുമാനം. അന്ന് മേല്‍ത്തട്ട് വരുമാന പരിധി ആറു ലക്ഷം രൂപയായിരുന്നു.
എന്നാല്‍ എറണാകുളം കളക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ നല്‍കിയ കുടുംബത്തിന്‍റെ 2012-17ലെ വാര്‍ഷിക വരുമാനം 21,80,967 രൂപയാണ്. 2013-14ല്‍ ഇതു 23,05,100 രൂപയും 20,1415ല്‍ 28,71,375 രൂപയുമാണ്.

ഈ രേഖകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ നല്‍കിയ നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും അസാധുവാകും. അങ്ങനെ അസാധുവായാല്‍ ഒ.ബി.സി നോണ്‍ ക്രിമിലെയര്‍ പദവിയില്‍ ലഭിച്ച സിവില്‍ സര്‍വീസ് റാങ്കും അസാധുവാകാനാണ് സാധ്യത. അതേസമയം, യു.പി.എസ്സിയ്ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ശിക്ഷാനടപടികളും നേരിടേണ്ടി വരും.

കഴിഞ്ഞ ജൂണിലാണ് ഇദ്ദേഹത്തിനതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തില്‍ നിന്നും ചീഫ് സെക്രട്ടറിക്ക് കത്തു ലഭിച്ചത്. ഒ.ബി.സി നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും അണ്ടര്‍ സെക്രട്ടറി എസ്.കെ.വര്‍മ ഒപ്പുവച്ച കത്തില്‍ പറയുന്നു.

0Shares