
രാജ്യത്ത് ബഹുകക്ഷി ജനാധിപത്യം പരാജയപ്പെട്ടെന്ന് ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. നിരവധി മാതൃകകൾ പരിശോധിച്ച ശേഷമാണ് ഭരണഘടന നിർമ്മാതാക്കൾ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ലഭിക്കുന്ന ബഹുകക്ഷി സമ്പ്രദായം രാജ്യത്ത് നടപ്പാക്കിയത്. എന്നാൽ, സ്വാതന്ത്ര്യം കിട്ടി 70 വർഷത്തിനു ശേഷം ബഹുകക്ഷി ജനാധിപത്യ സമ്പ്രദായം പരാജയപ്പെട്ടിരിക്കുന്നുവെന്ന് ജന മനസ്സുകളിൽ സംശയമുണർന്നതായി അമിത് ഷാ ഡൽഹിയിൽ ഒരുപരിപാടിയിൽ പങ്കെടുക്കവെ പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യത്തിനു ശേഷം ഒരു രാജ്യം ഒരു പാർട്ടി എന്ന നിലപാടിലേക്ക് ബി.ജെ.പി നീങ്ങുകയാണെന്നതിന്റെ സൂചനയാണ് അമിത് ഷായുടെ വാക്കുകൾ. കോൺഗ്രസിനെ വിമർശിച്ച അമിത് ഷാ അവർ ഭരിച്ചിരുന്നപ്പോൾ എന്നും അഴിമതി വാർത്തകളാണ് വന്നിരുന്നതെന്നും അതിർത്തി അരക്ഷിതമായിരുന്നുവെന്നും ആരോപിച്ചു.
