ഒറ്റവാക്കില്‍ ഉത്തരമെഴുതുന്ന സംമ്പ്രദായം ഇനി നടക്കില്ല; വിവരണാത്മക പരീക്ഷ നിര്‍ബന്ധമാക്കാന്‍ പി.എസ്.സി ഒരുങ്ങി; ജനുവരി മുതല്‍ പുതിയ രീതി പ്രാബല്യത്തില്‍ വരും

  • Post category:news
  • Reading time:1 min read
You are currently viewing ഒറ്റവാക്കില്‍ ഉത്തരമെഴുതുന്ന സംമ്പ്രദായം ഇനി നടക്കില്ല; വിവരണാത്മക പരീക്ഷ നിര്‍ബന്ധമാക്കാന്‍ പി.എസ്.സി ഒരുങ്ങി; ജനുവരി മുതല്‍ പുതിയ രീതി പ്രാബല്യത്തില്‍  വരും

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ ഇനി ഒറ്റ പരീക്ഷയും ഒറ്റ വാക്കിലുത്തരവും എന്ന പരമ്പരാഗത സമ്പ്രദായം നടക്കില്ല. പി.എസ്.സിയുടെ പരിഷ്‌കരിച്ച പരീക്ഷ സംവിധാനം 2018 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. 2018 മാര്‍ച്ചോടെ നിലവിലെ പരീക്ഷാ സംവിധാനം പൂര്‍ണ്ണമായും എടുത്തുകളയാനാണ് പി.എസ്.സി ലക്ഷ്യമിടുന്നത്. അതായത് മനപാഠമാക്കി പഠിച്ചവര്‍ക്ക്് പരീക്ഷ ഇനി എട്ടിന്റെ പണിനല്‍കുമെന്നുറപ്പ്. ഒറ്റ വാക്കില്‍ ഉത്തരമെഴുതുന്ന പരമ്പരാഗത പരീക്ഷാ സമ്പ്രദായം ഒഴിവാക്കി, വിവരണാത്മക പരീക്ഷ നിര്‍ബന്ധമാക്കാനാണ് പി.എസ്.സിയുടെ തീരുമാനം. കാണാപ്പാഠം പഠിച്ച് ഒറ്റവാക്കില്‍ ഉത്തരമെഴുതുന്ന രീതി ഉദ്യോഗാര്‍ഥിയുടെ നൈപുണ്യം അളക്കാന്‍ പ്രാപ്തമല്ലെന്നാണ് പി.എസ്.സിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പരീക്ഷ സംവിധാനങ്ങളില്‍ അടിമുടി മാറ്റം വരുത്താന്‍ പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്. പുതിയ തീരുമാനപ്രകാരം മിക്ക തസ്തികകളിലേക്കും രണ്ട് ഘട്ടങ്ങളിലായാകും പരീക്ഷ നടത്തുക. ഇതില്‍ വിവരാണത്മക പരീക്ഷയും ഉള്‍പ്പെടും. അപേക്ഷകരുടെ ബാഹുല്യം കുറയ്ക്കാനും നിലവാരും ഉറപ്പാക്കാനുമാണ് രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്നത്. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള തസ്തികകളിലേക്ക് ഒന്നിച്ചാവും അപേക്ഷ ക്ഷണിക്കുക. ഒരേ യോഗ്യതയുള്ളവര്‍ക്ക് ആദ്യഘട്ടത്തില്‍ പൊതുവായി പരീക്ഷ നടത്തും. പിന്നീട് തസ്തികയുടെ സ്വഭാവമനുസരിച്ച് രണ്ടാംഘട്ട പരീക്ഷയും നടത്തും. രണ്ടു പരീക്ഷകള്‍ക്കും ഒന്നിച്ചായിരിക്കും വിജ്ഞാപനം ഇറക്കുക. വിവരണാത്മക പരീക്ഷയ്ക്കും ഓണ്‍ലൈന്‍ മൂല്യനിര്‍ണ്ണയം നടപ്പിലാക്കാനാണ് പി.എസ്.സിയുടെ തീരുമാനം. രാജസ്ഥാന്‍ സര്‍ക്കാരിന്റെ മാതൃക പിന്തുടര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി സി-ഡിറ്റ് സഹായത്തോടെ സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഓണ്‍ലൈന്‍ മൂല്യനിര്‍ണ്ണയം നടപ്പിലാക്കുന്നതോടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ്, അസിസ്റ്റന്റ് പ്രൊഫസര്‍, വൈദ്യുതി വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍, ബി.ഡി.ഒ തുടങ്ങിയ ഉയര്‍ന്ന തസ്തികകളിലേക്ക് വിവരണാത്മക പരീക്ഷയും നിര്‍ബന്ധമാക്കും. നിലവില്‍ ഒ.എം.ആര്‍ പരീക്ഷയ്ക്ക് മാത്രമാണ് ഓണ്‍ലൈന്‍ മൂല്യനിര്‍ണ്ണയമുള്ളത്. നിലവിലെ പരീക്ഷ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിന് പി.എസ്.സി തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. പരിഷ്‌കരിച്ച പരീക്ഷാ സംവിധാനം 2018 മുതല്‍ പ്രാബല്യത്തില്‍ വരും. 2018 മാര്‍ച്ചോടെ മിക്ക തസ്തികകളിലേക്കും വിവരണാത്മക ചോദ്യങ്ങളും രണ്ടുഘട്ട പരീക്ഷകളും നടപ്പിലാക്കും.

0Shares