
സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിയെ തുടര്‍ന്നുള്ള ശബരിമല വിഷയം കേരളത്തില്‍ വോട്ടായി മാറും എന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാൽ അവിടെ ബി.ജെ.പിയുടെ മോഹങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി കൊണ്ടായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് എത്തിയത്. ശബരിമല യുവതീ പ്രവേശന വിഷയം വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നായിരുന്നു കമ്മീഷൻ നിർദ്ദേശം നൽകിയത്. ബി.ജെ.പി ഇതിനെ തള്ളിയെങ്കിലും നിര്‍ദ്ദേശം നിലനില്‍ക്കും.

ശബരിമലയിലെ വിഷയം കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ പ്രസ്താവന നടത്തി മണിക്കൂറുകൾക്കുള്ളിലാണ് അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയത്. ശബരിമലയുടെ വിഷയം സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ഉള്ളതാണെന്നും അതുകൊണ്ടുതന്നെ അക്കാര്യം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും മതവിശ്വാസങ്ങളെ ബാധിക്കുന്ന ഒന്നായി ശബരിമല വിഷയം മാറിയെന്നാണ് കുമ്മനം രാജശേഖരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ വിഷയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തും. അത് ബി.ജെ.പിക്ക് ഗുണം ചെയ്യും. കേരളത്തിലുള്ള ഇരുപത് മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് വിജയസാധ്യതയുണ്ടെന്ന പറഞ്ഞ കുമ്മനം ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയാറാണെന്നും വ്യക്തമാക്കിയിരുന്നു.
