ചെന്നൈ: സിനിമയ്ക്ക് ഏറ്റവും അത്യാവശ്യമായ ഘടകം നല്ല കഥയും തിരക്കഥയുമാണെന്ന് പ്രശസ്ത നടി നയന്‍താര പറഞ്ഞു.നല്ല കഥയും കരുത്തുറ്റ തിരക്കഥയുമില്ലാതെ ഞാനുള്‍പ്പെടെ ആരൊക്കെ എന്തൊക്കെ ചെയ്താലും സിനിമ വിജയിക്കില്ല. എന്നാല്‍ പലര്‍ക്കും നല്ല കഥയോ ശക്തമായ തിരക്കഥയോ അല്ല മറിച്ച് താരങ്ങളുടെ ഡേറ്റാണ് വേണ്ടത്. എന്നാല്‍ ഇപ്രകാരം താരങ്ങളുടെ ഡേറ്റ് വാങ്ങി കച്ചവടം ചെയ്യുന്നവരോട് താന്‍ അഡ്വാന്‍സ് വാങ്ങുന്നതിന് മുമ്പ് തന്നെ ടി.വി അടക്കമുള്ള പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് കരാര്‍ ഒപ്പ് വെക്കാറുണ്ടെന്ന് നയന്‍സ് വ്യക്തമാക്കി. എന്നെ കാണാന്‍ മാത്രം പ്രേക്ഷകര്‍ തിയേറ്ററില്‍ വരുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ താനത് വിശ്വസിക്കുന്നില്ലെന്നും നയന്‍താര പറഞ്ഞു. അങ്ങനെയാണെങ്കില്‍ താന്‍ അഭിനയിച്ച മോശം സിനിമകളും സൂപ്പര്‍ഹിറ്റാകണമായിരുന്നു. പ്രേക്ഷകനെ എന്തെങ്കിലും തരത്തില്‍ ആകര്‍ഷിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിലേ ഒരു സിനിമ തിയേറ്ററില്‍ കളിക്കൂ എന്ന കാര്യം നല്ല സംവിധായകര്‍ക്ക് അറിയാം. അത്തരം സിനിമകള്‍ക്ക് താരങ്ങളുടെ പ്രമോഷന്‍ ആവശ്യമില്ല. ടി.വിയിലും മറ്റും വന്നിരുന്ന് ഒരേ വിഷയത്തെക്കുറിച്ച് മണിക്കൂറുകള്‍ സംസാരിച്ചിരിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും ഒരു നായിക വന്ന് വേദിയില്‍ ഇരുന്ന് എന്തെങ്കിലും മേനി പറഞ്ഞാല്‍ കഥ ഇല്ലാത്ത ചിത്രങ്ങള്‍ ഓടില്ലെന്നും നയന്‍താര ഓര്‍മ്മിപ്പിച്ചു.

കോടികള്‍ പ്രതിഫലം വാങ്ങുന്ന നയന്‍താര പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്ന ആക്ഷേപം ഉണ്ടായതിനെ തുടര്‍ന്നാണ് അവര്‍ ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുകയോ, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയോ ചെയ്യുന്ന പതിവ് നയന്‍ താരയ്ക്കില്ല. അതുപോലെ പരസ്യചിത്രങ്ങളിലും വളരെ കുറച്ചേ അഭിനയിച്ചിട്ടുള്ളൂ.