കൊല്ലം: ശബരിമല യുവതീ പ്രവേശനത്തിന് പിന്നിലെ സമരത്തിന് ചുക്കാൻ പിടിച്ചത് തന്ത്രിയും ചങ്ങനാശേരിയിലെ ഒരാളും ഒരു രാജാവുമാണ്. സ്ത്രീകള്‍ മലകയറിയതിന് പിന്നില്‍ പിണറായി സർക്കാരിന് ഒരു പങ്കുമില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ഇടത് സര്‍ക്കാര്‍ ചെയ്‌തത്. കേരളം ഭരിക്കുന്നത് ഇടതായാലും വലതായാലും കോടതിവിധി നടപ്പാക്കുകതന്നെ ചെയ്യും. എന്നിട്ടും രാഷ്ട്രീയം കളിച്ച കേരളത്തിലെയു.ഡിഎഫിന് വരുന്ന തിരഞ്ഞെടുപ്പില്‍ സര്‍വനാശം സംഭവിക്കുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വ്യക്തമായ നിലപാടുണ്ടായിരുന്നില്ല. എന്നാലും വോട്ടുകള്‍ ബി.ജെ.പിക്ക് കിട്ടാൻ സാധ്യത ഏറെയാണ്. തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ശബരിമല കര്‍മ സമിതി നടത്തിയ അയ്യപ്പ ഭക്ത സംഗമം സവര്‍ണ ഐക്യമാണെന്ന നിലപാടില്‍ മാറ്റമില്ല. അയ്യപ്പ സംഗമത്തിന് രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. താന്‍ പോകാത്തത് മഹാഭാഗ്യമായി എന്ന് കരുതുന്നു. ജനങ്ങളെയെല്ലാം കഴുതകളല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ മുഴുവന്‍ സവര്‍ണ ആധിപത്യമാണ് നിലനില്‍ക്കുന്നത്. ദേവസ്വം ബോര്‍ഡിലെ 95ശതമാനം തസ്‌തികകളിലും സവര്‍ണരെയാണ് ഇരുത്തിയിരിക്കുന്നത്. പിന്നാക്ക സമുദായങ്ങളെ ആട്ടിപ്പായിക്കുകയാണ് ചെയ്യുന്നത്. ഇതിനൊരു മാറ്റം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു തന്ത്രിയും ചങ്ങനാശേരിയിലെ ഒരാളും ഒരു രാജാവുമാണ് സമരങ്ങൾക്ക് പിന്നിൽ; കേരളം ഭരിക്കുന്നത് ഇടതായാലും വലതായാലും കോടതിവിധി നടപ്പാക്കുകതന്നെ ചെയ്യും; കോൺഗ്രസിനെ പൂർണമായും തള്ളി വെള്ളാപ്പള്ളിയുടെ വാർത്താ സമ്മേളനം