കൊച്ചി: ഒരുമാസം പിന്നിട്ട സിനിമാ സമരത്തിന് ഇന്ന് അവസാനം. മന്ത്രി എ.കെ ബാലന്റെ അദ്ധ്യക്ഷതയില്‍ ഈ മാസം 26ന് സിനിമാ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിരുന്നു. സിനിമാ പ്രതിസന്ധി അവസാനിക്കാന്‍ തിയേറ്റര്‍ സമരം പിന്‍വലിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത് എന്നാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചത്.

ഇന്നുമുതല്‍ പുതിയ സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. സിനിമ പ്രദര്‍ശിപ്പിക്കരുത് എന്ന സംഘടനയുടെ എതിര്‍പ്പ് വകവയ്ക്കാതെ മുപ്പതോളം തിയേറ്ററുകള്‍ തമിഴ് ചിത്രമായ ഭൈരവ റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇരുപതോളം തീയേറ്ററുകളും സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.

ഈ അമ്പത് തിയേറ്ററുകളെയും കൂട്ടുപിടിച്ച് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ മറികടക്കാന്‍ തിയേറ്റര്‍ ഉടമകള്‍ പുതിയ സംഘടനയ്ക്ക് കൊച്ചിയില്‍ രൂപം കൊടുക്കും. നടന്‍ ദിലീപിന്റെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാരവൂരിന്റെയും സാന്നിദ്ധ്യത്തിലാകും ഫെഡറേഷന്‍ രൂപീകരണം. സിനിമ പ്രദര്‍ശനം നിര്‍ത്തലാക്കികൊണ്ടുള്ള ഫെഡറേഷന്റെ നിലപാടില്‍ പ്രതിഷേധിച്ച് ട്രഷറര്‍ കവിതാ സാജു അടക്കമുള്ളവര്‍ സംഘടനയില്‍ നിന്ന് രാജി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവിഎം, മൂത്തൂറ്റ് തുടങ്ങിയ തിയേറ്റര്‍ ഗ്രൂപ്പ് ഉടമകള്‍ സമരത്തില്‍ നിന്നും പിന്മാറിയത്.

തിയേറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം ആവശ്യപ്പെട്ടാണ് എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ സമരത്തിന് ഇറങ്ങിയത്. സമരത്തെ തുടര്‍ന്ന് ക്രിസ്മസ് റിലീസായി നിശ്ചയിച്ചിരുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോമോന്റെ സുവിശേഷം, എസ്ര, ഫുക്രി എന്നീ സിനിമകളുടെ റിലീസിങ് മുടങ്ങുകയും ചെയ്തു. സമരം തീര്‍ന്നതിനെ തുടര്‍ന്ന് റിലീസിങ് മുടങ്ങി കിടക്കുന്ന മലയാള സിനിമകളില്‍ ഏതാണ് ആദ്യം തിയേറ്ററകളില്‍ എത്തുകയെന്ന ആകാംക്ഷയിലാണ് ജനങ്ങള്‍.