
ആലപ്പുഴ : മാവേലിക്കര വില്ലേജിലെ ചെന്നിത്തല 17-ാം വാര്‍ഡില്‍ കരിയിലത്തറ കോളനിനിവാസികളായ രണ്ടുപേർ ഒരാഴ്ചയിലേറെയായി തുരുത്തില്‍ ഒറ്റപ്പെട്ടനിലയിലായിരുന്നു. വയോധികരായ ഇവർ സഹോദരങ്ങളായിരുന്നുവെന്നും ഇവർ ഭക്ഷണംപോലുമില്ലാതെ കഷ്ടപ്പെടുകയായിരുന്നെന്നും ഇവരെ രക്ഷപ്പെടുത്തിയ പോലീസുകാർ പറഞ്ഞു. കുഞ്ഞുകുട്ടി(78), സഹോദരി കുഞ്ഞുകുഞ്ഞമ്മ(69) എന്നിവരാണ് ഭക്ഷണംപോലുമില്ലാതെ ഒരാഴ്ചയിലേറെയായി തുരുത്തില്‍ ഒറ്റപ്പെട്ടത്. മാന്നാര്‍ ജനമൈത്രി പോലീസും, ഗ്രാമപഞ്ചായത്ത് െവെസ് പ്രസിഡന്റും പൊതുപ്രവര്‍ത്തകരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. വാഴപ്പിണ്ടിച്ചങ്ങാടമിറക്കിയാണ് ഇവരെ രക്ഷിച്ചത്. അഡീഷണല്‍ എസ്.ഐ: ഐ.റജൂബ്ഖാന്‍, ഗ്രാമപഞ്ചായത്ത് െവെസ് പ്രസിഡന്റ് ജയകുമാരി, എ.ഡി.എസ് സെക്രട്ടറി ബിനി സതീശന്‍, പൊതുപ്രവര്‍ത്തകരായ മുഹമ്മദ്ബഷീര്‍, സജികുട്ടപ്പന്‍, അന്‍ഷാദ് മാന്നാര്‍, മോഹന്‍ കണ്ണങ്കര, അയല്‍വാസി കരിയിലത്തറയില്‍ ഗിരിജ എന്നിവര്‍ കഴുത്തറ്റം വെള്ളത്തില്‍ പുഞ്ചപ്പാടം നീന്തി ഇവരെ തുരുത്തില്‍ നിന്ന് കരയിലെത്തിച്ചു. അരക്കിലോമീറ്റര്‍ ദൂരം വെള്ളത്തിലൂടെ സാഹസികമായിരുന്നു യാത്ര.
മാതാപിതാക്കളുടെ മരണശേഷം നാലു സഹോദരങ്ങളില്‍ കുഞ്ഞുകുട്ടിയും കുഞ്ഞുകുഞ്ഞമ്മയും മാത്രമാണ് തുരുത്തിലുണ്ടായിരുന്നത്. ഇവര്‍ അവിവാഹിതരാണ്. മറ്റു രണ്ടുപേര്‍ വിവാഹം കഴിച്ച് തിരുവല്ലയിലും ആഞ്ഞിലിത്താനത്തുമാണ്. ഇതില്‍ ഒരാള്‍ മരിച്ചു. സഹോദരിയുടെ മകന്‍ ഇടയ്ക്ക് വന്ന് ഇവരുടെ വിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു. പിന്നീട് ഇവരും വരാതായി. ഇതോടെയാണ് ഇവർ തുരുത്തില്‍ ഒറ്റപെട്ടത്. കൂലിപ്പണി ചെയ്താണ് ഇരുവരും കഴിഞ്ഞത്. 50 വര്‍ഷം മുമ്ബ് ഇടിമിന്നലേറ്റ് കുഞ്ഞുകുട്ടിയ്ക്ക് പരുക്കേറ്റിരുന്നു. 20 വര്‍ഷം മുമ്ബ് വാഹനമിടിച്ച് നട്ടെല്ലിനും ക്ഷതം സംഭവിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ജോലിയ്ക്കു പോകാന്‍ കഴിയാതെ കിടപ്പിലാണ്. രണ്ടു വര്‍ഷമായി ഇരുവരും ജോലിയില്ലാതെ സമീപവാസികളുടെ കരുണയിലാണ് കഴിഞ്ഞുവന്നത്. ആശാവര്‍ക്കര്‍മാരാണ് ചികിത്സകള്‍ നല്‍കിവന്നത്. ഹരിപ്പാട് സ്നേഹഭവന്‍ ഡയറക്ടര്‍ മുഹമ്മദ്ഷെമീറെത്തി എസ്.ഐ: കെ.ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ ഇവരെ ഏറ്റെടുത്തു. 