കണ്ണൂര്‍: തറികളുടെയും തിറകളുടെയും ജന്മനാട്ടില്‍ പത്തുവര്‍ഷത്തിനിപ്പുറം വീണ്ടും കലയുടെ പെരുങ്കളിയാട്ടത്തിന് ആരവമുയരുകയാണ്. അമ്പത്തേഴാമത് സംസ്ഥാന കലോത്സവത്തിന് നാളെ കണ്ണൂരില്‍ തിരി തെളിയും!. ‘നിളയും കബനിയും പമ്പയും പെരിയാറും കല്ലായി’യുമടക്കം ഇരുപതു നദികളുടെ പേരിലുള്ള വേദികളില്‍ കണ്‍കുളിര്‍ക്കെ പ്രതിഭകളുടെ പകര്‍ന്നാട്ടം പ്രകടമാവും. 232 ഇനങ്ങളിലായി 12000ത്തോളം വിദ്യാര്‍ഥികളാണ് വാശിയുടെ അരങ്ങിലേക്ക് എത്തുന്നത്. പ്രധാനവേദിയായ പോലീസ് മൈതാനത്തെ നിളയില്‍ നാളെ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തും. ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് നാലു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലാ തലത്തില്‍ നിന്നുള്ള ഒരു വിധികര്‍ത്താക്കളെയും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടില്ല.
പ്രശസ്ത ഗായിക കെ. എസ് ചിത്ര മുഖ്യാധിഥിയായി എത്തുന്ന കലോത്സവ വേദിയില്‍ അധ്യക്ഷനായി എത്തുന്നത് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ആണ്. രണ്ടേകാല്‍ക്കോടിയോളം രൂപയാണ് കലോത്സവത്തിന് ചെലവു പ്രതീക്ഷിക്കുന്നത്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കലോത്സവ സദ്യയൊരുക്കുന്നത്. ഒരേ സമയം 3000 പേര്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള പന്തലാണ് ഒരുക്കിയിരിക്കുന്നത്. 1000ത്തോളം പേര്‍ക്ക് പ്രാതലുംഉച്ചയ്ക്കുമാത്രമായി 15000ത്തോളം പേര്‍ക്ക് വ്യത്യസ്ത തരം പായസമടക്കം പച്ചക്കറികള്‍ മാത്രമുപയോഗിച്ച് വിഭവ സമൃദ്ധമായ സദ്യ തയ്യാറാക്കുന്നത്. ‘പരിസ്ഥിതി സൗഹൃദ കലോത്സവം, പ്ലാസ്റ്റിക് വിമുക്ത കലോത്സവം’ എന്ന മുദ്രാവാക്യമാണ് ഇക്കുറി കലോത്സവത്തിന്റെ ഹൈലൈറ്റ്. കലോത്സവത്തിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.