ന്യൂഡല്‍ഹി: ചരിത്ര വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എം.എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍. എഫ് നരിമാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ലോകം ഉറ്റുനോക്കിയിരുന്ന വിധിയിലൂടെ 157 വര്‍ഷം പഴക്കമുള്ള നിയമമാണ് സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയത്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പാണ് സുപ്രീംകോടതി റദ്ദാക്കിയത്. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. ബെഞ്ചിന്റെ യോജിച്ചുള്ള വിധിയാണെന്ന് ദീപക് മിശ്ര വ്യക്തമാക്കി. ലിംഗ വ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. നാല് ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് ഭരണഘടനാബെഞ്ച് വിധി പറഞ്ഞത്.
നിലവില്‍ 1861ലെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം സ്വവര്‍ഗരതി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് 2009ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. 2013ല്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാക്കി. ജസ്റ്റിസ് ജി. എസ് സിങ്വി, ജസ്റ്റിസ് എസ്. ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയത്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. അതിന് ശേഷം വന്ന തിരുത്തല്‍ ഹര്‍ജിയില്‍ കോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പിന്നീട് 2016ല്‍ 377ാം വകുപ്പിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് നിരവധി പുതിയ ഹര്‍ജികള്‍ സുപ്രീംകോടതിക്ക് മുമ്പാകെ എത്തി. ഈ ഹര്‍ജികളിലാണ് ഇപ്പോള്‍ വിധി വന്നരിക്കുന്നത്.
ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്; പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗ രതി ഇനി ക്രിമിനല്‍ കുറ്റമല്ല