കണ്ണൂര്‍: അറബിക്കടലിനോട് കിന്നാരം പറയുന്ന കണ്ണൂര്‍ മാപ്പിളബേ തുറമുഖത്ത് വ്യാഴാഴ്ച അറയ്ക്കല്‍ ബീവിക്കും ചിറക്കല്‍ രാജാവിനും കല്യാണമായിരുന്നു. കരിവളയണിഞ്ഞു കസവിൻ്റെ തട്ടമണിഞ്ഞു എത്തിയ ഹൂറിമാര്‍ ഒന്നല്ല പത്തല്ല ആയിരങ്ങളായിരുന്നു. പൊന്നും മിന്നും അണിഞ്ഞ അവര്‍ കരിവളകള്‍ ചേര്‍ത്തു കിലുക്കി പാടി ‘കണ്ണുരില്‍ മിന്നിടും സൗഹാര്‍ദ പൂമാല…’ ‘അറയ്ക്കലുംചിറക്കലും അരിമുല്ല മണം ചൊരിഞ്ഞിടും….’ കണ്ണൂര്‍ സിറ്റി ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാഒപ്പന അങ്ങനെ ചരിത്രത്തിലിടം നേടി. മാപ്പിളപ്പാട്ടുകാരായ ഇച്ച മസ്താൻ്റെയും സിറ്റിയുടെ മുത്തായിരുന്ന അന്തിക്കയുടെയും ഓര്‍മകള്‍ പകര്‍ന്നു നല്‍കിയ ഫെസ്റ്റ് 1500 ലധികം പേര്‍ ഒരുമിച്ച് ചുവട് വച്ച ഒപ്പനയിലുടെ ഗിന്നസ് ബുക്കിലേക്കും നടന്നുകയറുകയാണ്.
https://www.youtube.com/watch?v=GucWx5-wht4
മാപ്പിളകലകളുടെയും ജാതിമതഭേദമെന്യേ മനുഷ്യസ്‌നേഹത്തിൻ്റെയും പൈതൃകമുള്ള കണ്ണൂര്‍ സിറ്റിയിലെ ജനതയുടെ പഴയ സാംസ്‌കാരികത്തനിമയിലേക്ക് തിരിച്ചു നടത്തമായി സിറ്റിഫെസ്റ്റ് മാറി. രണ്ടാംക്ലാസുകാരി സന്‍ഹ, സന, സിയ മുതല്‍ അറുപത് പിന്നിട്ട ഗൗരിവരെ ഒപ്പനയില്‍ പങ്കാളിയായി. ഈ അപൂര്‍വത കാണാനെത്തിയതാകട്ടെ ആയിരങ്ങളാണ്. കരിമിഴിയില്‍ ഖല്‍ബ് ഒളിപ്പിച്ചു നാണം കുണുങ്ങിയായി മണിമാരനെ കാത്തിരിക്കുന്ന പുതുപ്പെണ്ണായി എത്തിയത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ. അറയ്ക്കല്‍ ബീവിയുടെയും ചിറക്കല്‍ രാജാവിന്റെയും ഓര്‍മകള്‍ കോര്‍ത്തുവച്ചു മാനവികതയുടെ സന്ദേശം ചൊരിഞ്ഞ ഒപ്പന വരികള്‍ തീര്‍ത്തത് എഴുത്തുകാരന്‍ മൊയ്തു വാണിമേലാണ്.
ഒപ്പനക്ക് രൂപം നല്‍കിയത് നാസര്‍ പറശ്ശിനിക്കടവും. സഹായികളായി വടകരയിയലെ പവേഷ്- രമ്യ ദമ്പതികള്‍. രമ്യ, ഗഫൂര്‍ പള്ളിക്കര, അഫസീര്‍ കൂത്തുപറമ്പ് എന്നിവര്‍ പ്രവര്‍ത്തിച്ചു. പിന്നണിഗായകരായ ആര്യ മോഹന്‍ദാസ്, സുരേഷ് കോഴിക്കോട്, ആതിര രമേശ്, തീര്‍ഥ എന്നവര്‍ ഒപ്പനപ്പാട്ടിന് ശബ്ദം പകര്‍ന്നു. കണ്ണൂര്‍ സിറ്റി, വളപട്ടണം, അഴീക്കോട്, ചിറക്കല്‍ പുഴാതി, കക്കാട് എന്നീ പ്രദശങ്ങളില്‍നിന്നുള്ളവരാണ് ചുവടുവച്ചത്. എന്‍ അബ്ദുള്ള കള്‍ച്ചചറല്‍ ഫോറം, മര്‍ഹബ സാംസ്‌കാരിക സമിതി, കേരള ഫോക് ലോര്‍ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സിറ്റി ഫെസ്റ്റിൻ്റെ സമാപനദിവസവും അവിസ്മരണീയവും ചരിത്രത്തിലിടം നേടുന്നതുമായി മാറി.