
പഠനത്തില്‍ പിന്നാക്കമായതിനെ തുടര്‍ന്ന് ആറാം ക്ലാസുകാരിയെ കാര്യം തിരക്കാന്‍ വിളിച്ച പ്രിന്‍സിപ്പാള്‍ കേട്ടത് ഞെട്ടുന്ന വെളിപ്പെടുത്തല്‍. ആറാം ക്ലാസുവരെ നന്നായി പഠിച്ചിരുന്ന പെണ്‍കുട്ടി ക്ലാസില്‍ ഒന്നും സംസാരിക്കാതെ മൗനിയായതും ഒന്‍പതാം ക്ലാസിലെത്തിയപ്പോഴേക്കും പരീക്ഷകള്‍ക്ക് പരാജയപ്പെടാന്‍ തുടങ്ങിയതുമാണ് അധ്യാപകര്‍ കുട്ടിയെ ശ്രദ്ധിക്കാന്‍ കാരണം. വിവരം തിരക്കാന്‍ വിളിച്ച പ്രധാന അധ്യാപികയോട് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തിയത് വര്‍ഷങ്ങളുടെ പീഡന കഥയാണ്.
ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയിലാണ് സംഭവം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ ആദ്യമായി ബലാത്സംഗം ചെയ്യപ്പെട്ടതെന്നും അയല്‍ക്കാരനായ 30കാരന്‍ ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ആദ്യം സംസാരിക്കാന്‍ മടിച്ച പെണ്‍കുട്ടി പിന്നീട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രിന്‍സിപ്പലിനോട് കാര്യങ്ങള്‍ വിവരിച്ചത്.

ആരോടെങ്കിലും പറഞ്ഞാല്‍ ഇയാള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തി. നാലുവര്‍ഷത്തോളം സ്‌കൂള്‍വിട്ട് വരുന്ന വഴി ഇയാള്‍ തന്നെ പീഡിപ്പിക്കുമായിരുന്നുവെന്നും ഇയാള്‍ മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി. അയാളും തന്നെ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് വിശദമായി മൊഴിയെടുത്ത പോലീസ് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുവരും വിവാഹിതരാണ്. ഇതിലൊരാള്‍ ബലാത്സംഗ കേസില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തിരുന്നു.
