
ആനക്കൊമ്പ് കേസില്‍ കുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. ഒന്നാം പ്രതിയായി കുറ്റപത്രം സമര്‍പ്പിച്ചതു തന്നെ പീഡിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണന്നും വിശദീകരിക്കാനാവാത്ത വിധം മാനസികപീഡനമാണ് നടക്കുന്നതെന്നും മോഹന്‍ലാല്‍ മറുപടി സത്യവാങ്മൂലത്തില്‍ കോടതിയില്‍ വ്യക്തമാക്കി. വനംവകുപ്പ് പെരുന്പാവൂര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെയാണ് മോഹന്‍ലാല്‍ കോടതിയില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

2011 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് ഏഴു വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം നല്‍കിയത്. ഇതില്‍ ഗൂഢാലോചനയുണ്ട്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ പരാതി ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്. തനിക്ക് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതാണെന്നും മോഹന്‍ലാല്‍ പറയുന്നു. തേവരയിലെ വസതിയില്‍നിന്ന് കണ്ടെത്തിയ രണ്ട് ജോഡി ആനക്കൊമ്പുകള്‍ കൈവശംവയ്ക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ അനുമതി നല്‍കിയതാണ്.
കേസിലെ നിലവിലെ നിയമപരമായ സാഹചര്യം ഇതാണ്. എന്നിട്ടും ആനക്കൊമ്പ് അനധികൃതമാണെന്ന ഹര്‍ജിക്കാരുടെ ആരോപണം അടിസ്ഥാനരഹിതമാണന്നും സത്യവാങ്മൂലത്തില്‍ മോഹന്‍ലാല്‍ ബോധിപ്പിച്ചു.
മോഹന്‍ലാലിന്‍റെ വസതിയില്‍ 2011 ജൂലൈ 22-ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് അനുമതിയില്ലാതെ സൂക്ഷിച്ച ആനക്കൊന്പ് പിടിച്ചത്. 2012 ജൂണ്‍ 12-ന് കേസ് രജിസ്റ്റര്‍ ചെയ്തു. ഏഴു വര്‍ഷം കഴിഞ്ഞ് 2019 സെപ്റ്റംബറിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണ്. മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
