
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാംപ്രതി ആയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്നു പുലര്‍ച്ചെ ആറിന് ശബരിമലയിലെത്തിയ ദിലീപ് സന്നിധാനത്ത് ദര്‍ശനം നടത്തി ശബരിമലയിലും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ദിലീപ് മേല്‍ശാന്തിമാരേയും തന്ത്രിയേയും കണ്ടു. ഇരുമുടി കെട്ടേന്തിയാണ് ദിലീപ് മലചവിട്ടിയത്. നെയ്യഭിഷേക വും, പുഷ്പാഭിഷേകവും വഴിപാടും സന്നിധാനത്ത് നടത്തി. ദേവസ്വം ഗസ്റ്റ് ഹൗസിലായിരുന്നു വിശ്രമം.

അതേസമയം, ഗൂഢാലോചന നടത്തിയതു കുറ്റകൃത്യത്തില്‍ പങ്കെടുത്തതിനു തുല്യമെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തില്‍ കേസില്‍ പതിനൊന്നാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണു സൂചന.ഇന്ന് ചേരുന്ന യോഗത്തില്‍ അന്വേഷണസംഘം അന്തിമ തീരുമാനമെടുക്കും. കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നല്‍കിയത് ദിലീപാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. അനുബന്ധ കുറ്റപത്രം ഈയാഴ്ച തന്നെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.
