കൊല്ലം: പ്രാദേശിക പ്രാധാന്യമുളള ഒണാട്ടുകര എളള്, ആലപ്പുഴ മഞ്ഞള്‍ എന്നിവയ്ക്ക് ഭൗമസാസ്ത്ര സൂചിക പദവി നല്‍കി വ്യാവസായികമായി സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൊല്ലം തഴവ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും ഓണാട്ടുകര ഏജന്‍സിയുടെയും തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവയുടെയും നേതൃത്വത്തില്‍ തൊടിയൂര്‍ വട്ടക്കായല്‍ പാടശേഖരത്തില്‍ 600 ഏക്കര്‍ തരിശു നില നെല്‍കൃഷി നടത്തിയ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു കൃഷിമന്ത്രി. തരിശുനിലങ്ങളില്‍ നെല്‍കൃഷി ആരംഭിച്ച ശേഷം കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ 32000 ഏക്കര്‍ സ്ഥലത്ത് പുതുതായി കൃഷിയിറക്കിയതായി മന്ത്രി സൂചിപ്പിച്ചു.
സംസ്ഥാനത്തെ നെല്‍കൃഷിവിസ്തൃതി 2.2 ലക്ഷം ഹെക്ടറിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഓണാട്ടുകര എളള് ആലപ്പുഴ മഞ്ഞള്‍, എന്നിവയ്ക്ക് വിദേശങ്ങളില്‍ വന്‍ ഡിമാന്റാണ് ഉളളത്. പ്രാദേശിക പ്രാധാന്യമുളള ഈ വിളകള്‍ക്ക് ഔഷധഗുണവും കൂടുതലാണ്. ഇവയ്ക്ക് ഭൗമശാസ്ത്ര സൂചിക പദവി നല്‍കുന്നതിനുളള പഠനങ്ങള്‍ പുരോഗമിച്ച് വരികയാണ്. അതുകഴിഞ്ഞാല്‍ ഉടന്‍തന്നെ വ്യാവസായികാടിസ്ഥാനത്തില്‍ ഇവയുടെ വിപണനത്തിനും കൃഷിക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തഴവ വട്ടക്കായല്‍ പ്രദേശത്ത് 10 വര്‍ഷമായി തരിശു കിടന്ന ഏകദേശം 180 ഓളം കര്‍ഷകരുടെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ കൃഷിയിറക്കിയിരിക്കുന്നത്. ആഴം കൂടിയ കായല്‍ പ്രദേശത്ത് ഉമ ഇനം നെല്‍വിത്താണ് നട്ടിരിക്കുന്നത്.
കര്‍ഷകരെ സംഘടിപ്പിക്കുന്നതിലും കൃഷിയിറക്കുന്നതിലും ഒണാട്ടുകര വികസന ഏജന്‍സി പ്രധാന പങ്ക് വഹിക്കുകയുണ്ടായി. സന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ ഉദ്ഘാടന ചടങ്ങില്‍ സ്ഥലം എം.എല്‍.എ. ആര്‍. രാമചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത, കൃഷി ഓഫീസര്‍ റോസ്‌ലിന്റ് എന്നിവര്‍ സംസാരിച്ചു.
ഒണാട്ടുകര എളള്, ആലപ്പുഴ മഞ്ഞള്‍ ഭൗമശാസ്ത്ര സൂചിക പദവി ഉടന്‍ ലഭിക്കുമെന്ന് കൃഷിമന്ത്രി