ഒടുവില്‍ സത്തായി യാത്രയായി; നാലുലക്ഷം രൂപയുടെ നിരോധിച്ച നോട്ട് മാറിക്കിട്ടാന്‍ കാക്കാതെ

  • Post category:news
  • Reading time:1 min read
You are currently viewing ഒടുവില്‍ സത്തായി യാത്രയായി; നാലുലക്ഷം രൂപയുടെ നിരോധിച്ച നോട്ട് മാറിക്കിട്ടാന്‍ കാക്കാതെ

വരാപ്പുഴ: കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ മറുപടിക്ക് കാത്തുനില്‍ക്കാനാവാതെ ഒടുവില്‍ സത്തായി യാത്രയായി. നാല് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ കൈവശം വച്ചതിലൂടെ വാര്‍ത്തയിലിടം നേടിയ വരാപ്പുഴ ചിറയ്ക്കകം ഭഗവതി പറമ്പില്‍ സതീഭായി എന്നു വിളിക്കുന്ന സത്തായി(82) വ്യാഴാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് മരിച്ചത്. വാര്‍ധക്യ സഹജ അസുഖം കാരണം ഏറണാകുളം ജനറലാശുപത്രിയില്‍ ചികില്‍സയിലായിരുന്നു അവര്‍. ആരും സംരക്ഷിക്കാനില്ലാത്തതിനെ തുടര്‍ന്ന് ഇരുപത് ദിവസം മുമ്പാണ് അവശനിലയിലായ സത്തായിയെ പഞ്ചായത്ത് അധികൃതരെത്തി വരാപ്പുഴയിലെ സ്നേഹ ഭവനിലേക്ക് മാറ്റിയത്. തുടര്‍ന്ന് ചികിത്സയ്ക്കായി ഒരാഴ്ച മുമ്പാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് വിരമിച്ച ശേഷം ചിറയ്ക്കകത്തെ വീട്ടില്‍ തനിച്ചായിരുന്നു താമസം. വിരമിക്കുമ്പോള്‍ ലഭിച്ചതും പെന്‍ഷനുമടക്കമുള്ള തുകയായിരുന്നു വീട്ടില്‍ സൂക്ഷിച്ചിരുന്നത്. അയല്‍വാസികളോടു പോലും ഇവര്‍ ഒരുതരത്തിലുള്ള അടുപ്പവും കാണിച്ചിരുന്നില്ല. വൈദ്യുതിപോലും വിച്ഛേദിക്കപ്പെട്ട നിലയിലാണ്.ആകെ പുറത്തിറങ്ങിയിരുന്നത് ആഴ്ചയിലൊരുതവണ വരാപ്പുഴ മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങാനായി മാത്രമാണ്. അതിനിടേ നോട്ട് നിരോധിച്ച കാര്യം സത്തായി അറിഞ്ഞിരുന്നില്ല. വരാപ്പുഴ മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങുന്നതിനായി ആയിരത്തിന്റെ നോട്ട് നല്‍കിയപ്പോഴാണ് നോട്ട് നിരോധിച്ച കാര്യം ഇവര്‍ അറിയുന്നത് തന്നെ. പിന്നീട് പഞ്ചായത്ത് അധികൃതരും പോലീസുമെത്തി സത്തായിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വീട്ടിലെ സ്റ്റീല്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയുടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കണ്ടെത്തിയത്. എന്നാല്‍ നോട്ട് മാറിയെടുക്കുന്നതിനുള്ള സമയം കഴിഞ്ഞതിനാല്‍ സത്തായിയില്‍ നിന്നു കണ്ടെത്തിയ നോട്ടുകള്‍ മാറിക്കിട്ടിയുമില്ല. അധികൃതരുടെ നേതൃത്വത്തില്‍ ചൈന്നെയില്‍ പോയി നോട്ട് മാറുന്നതിനായുള്ള ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഒടുവില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് സത്തായി മരിച്ചത്. നിരോധിച്ച നോട്ടുകള്‍ക്ക് പുറമെ പത്ത് ലക്ഷം രൂപയിലേറെയുള്ള നിക്ഷേപവും വിവിധ ബാങ്കുകളിലായി സത്തായിയുടെ പേരിലുണ്ട്. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

 

0Shares