ഒടുവില്‍ വിശ്വാസവോട്ട് തേടാതെ നാണം കെട്ട് യദ്യൂരപ്പ രാജി വച്ചു; 55 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന അപൂര്‍വ ചരിത്രം യദ്യൂരപ്പയ്ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഒടുവില്‍ വിശ്വാസവോട്ട് തേടാതെ നാണം കെട്ട് യദ്യൂരപ്പ രാജി വച്ചു; 55 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന അപൂര്‍വ ചരിത്രം യദ്യൂരപ്പയ്ക്ക്

ബംഗളുരു: ദിവസങ്ങളായി തുടര്‍ന്നുവന്ന അതിനാടകീയതകളുടെ ക്ലൈമാക്സായി. 55 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന അപൂര്‍വ ചരിത്രം ബാക്കിയാക്കി വിശ്വാസവോട്ട് തേടാതെ യെദ്യൂരപ്പ രാജിവെച്ചൊഴുഞ്ഞു. 20 മിനിറ്റ് വികാരത്രീവമായ പ്രസംഗത്തിനൊടുവില്‍ കര്‍ണാടക രാഷ്ട്രീയനാടകത്തിന്റെ പുതിയ വഴിത്തിരിവായി യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. വിശ്വാസവോട്ടില്‍ ഭൂരിപക്ഷം തെളിയിക്കാനുളള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് യെദ്യൂരപ്പയെ രാജിവെപ്പിക്കാന്‍ ബിജെപി നേതൃത്വം നിര്‍ബന്ധതമായത്. വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ സ്വന്തം ക്യാമ്പിലെ ചില എംഎല്‍എമാര്‍ മറുകണ്ടം ചാടിയേക്കുമെന്നും ബിജെപി നേത്യത്വത്തിന് ഭയമുണ്ടായിരുന്നു. ഇതോടെ ഇനി ജെ.ഡി.എസ് കോണ്‍ഗ്രസ്സ് സഖ്യത്തിന്റെ മുഖ്യ മന്ത്രി സ്ഥാനാര്‍ത്ഥി കുമാരസ്വാമിയെ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യത്തിന് രണ്ടു സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെ 117 പേരുടെ പിന്തുണയാണുള്ളത്. ബിജെപിക്ക് 104 എംഎല്‍എമാരുമുണ്ട്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 111 പേരുടെ പിന്തുണയാണ് ആവശ്യമായുള്ളത്. അതിനിടയില്‍ മുമ്ബ് വിട്ടു നിന്ന കോണ്‍ഗ്രസ്സ് എംഎല്‍എമാരായ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡയും ബംഗളൂരുവിലെ ഹോട്ടലില്‍ നിന്നും നിയമസഭയിലെത്തി.

ആനന്ദ് സിങ്ങിനെയും പ്രതാപ ഗൗഡയെയും ഗോള്‍ഡന്‍ ഫിഞ്ച് ഹോട്ടലില്‍ ബിജെപി പിടിച്ചുവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ണാടക ഡിജിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹോട്ടലിലെത്തിയിരുന്നു. നേരത്തെ, വിരാജ് പേട്ട എംഎല്‍എ കെ.ജി.ബൊപ്പയ്യക്ക് കര്‍ണാടക പ്രോടെം സ്പീക്കറായി തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ബൊപ്പയ്യയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. മുതിര്‍ന്ന അംഗത്തെ സ്പീക്കറാക്കുന്നത് കീഴ്വഴക്കമാണ്, നിയമമല്ല. നിയമാകാത്തിടത്തോളം വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

0Shares