
ലോകത്തെ ആദ്യ സോഷ്യലിസ്റ്റ് രാഷ്ട്രമായ സോവിയറ്റ് യൂണിയന്റെ സ്ഥാപനത്തിലേയ്ക്ക് നയിച്ച ഐതിഹാസികമായ, മഹത്തായ നവംബർ വിപ്ലവത്തിന്റെ നൂറ്റിയൊന്നാം വാർഷികമാണ് ഇന്ന്. റഷ്യൻ വിപ്ലവത്തിന്റെ രണ്ടാം ഘട്ടമാണ് ഒക്ടോബർ വിപ്ലവം. 1917 നവംബറിൽ അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന താത്കാലിക ഗവണ്മെന്റിൽ നിന്ന് അധികാരം പിടിച്ചെടുക്കുവാനായി ബോൾഷേവിക്കുകൾ റഷ്യയിൽ സംഘടിപ്പിച്ച വിപ്ലവമാണിത്. പഴയ റഷ്യൻ കലണ്ടർ പ്രകാരം ഒക്ടോബർ മാസത്തിൽ 25-നു നടന്നതിനാൽ ഇത് ഒക്ടോബർ വിപ്ലവം എന്ന പേരിൽ അറിയപ്പെടുന്നു (പുതിയ കലണ്ടർ പ്രകാരം ഇത് നവംബർ 7 നാണ്).
മാനവചരിത്രത്തിലെ നാഴികക്കല്ലുകളാണ് വിപ്ലവങ്ങൾ. ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തിക-രാഷ്ട്രീയവിപ്ലവങ്ങളിൽവേറിട്ടുനിൽക്കുന്ന ഒന്നാണ് റഷ്യയിൽ നടന്ന മഹത്തായ ഒക്ടോബർ വിപ്ലവം. മാർക്‌സ്, ഏംഗൽസ് എന്നീ മഹാന്മാരുടെ അർഹനായ ശിഷ്യനും തൊഴിലാളിവർഗ്ഗത്തിന്റെ മഹാനായ നേതാവുമായ വ്‌ളാഡിമിർ ഇല്ലിച്ച് ലെനിന്റെ നേതൃത്വത്തിലാണ് ആ വിപ്ലവം നടന്നത്. അതി പ്രാചീനകാലം മുതൽ നിന്ദിതരും ചൂഷിതരും അഭിലഷിച്ചതും കഠിനപ്രയത്‌നം നടത്തിയതും ചൂഷണമുക്തമായ ഒരു ലോകത്തിനുവേണ്ടിയാണ്. അത്തരമൊരു ലോകത്തിന്റെ ആഗമനം വിളംബരം ചെയ്തു എന്നതാണ് ഈ വിപ്ലവത്തിന്റെ വ്യത്യസ്തത. അതുകൊണ്ടുതന്നെ, നവംബർ വിപ്ലവത്തിന്റെ ശതാബ്ദി സഗൗരവം ആചരിക്കുമ്പോൾ, ആ ആചരണം വെറുമൊരു ചടങ്ങല്ല എന്ന കാര്യം ഓർക്കാതെവയ്യ.
മുതലാളിത്ത ലോകത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയുകയും മുതലാളിത്ത ഭരണകൂടത്തെ തകർത്ത് ആദ്യത്തെ സോഷ്യലിസ്റ്റ് ഭരണകൂടം റഷ്യയിൽ സ്ഥാപിക്കുകയും ചെയ്ത മഹത്തായ ഒക്ടോബർ വിപ്ലവം ആകശത്തുനിന്ന് പൊട്ടിവീണതല്ല. വിപ്ലവസിദ്ധാന്തത്തിന് മൂർത്തരൂപം നൽകി യാതാർത്ഥ്യമാക്കിയ അനന്യമായ സംഭവമായിരുന്നു അത്. മഹാനായ വിപ്ലവചിന്തകനും നേതാവും തൊഴിലാളിവർഗ്ഗത്തിന്റെ ഗുരുനാഥനുമായ സഖാവ് ലെനിന്റെ നേതൃത്വത്തിൽ നടന്ന ഈ വിപ്ലവം അങ്ങേയറ്റം പിന്നാക്കമായിരുന്ന റഷ്യയെപ്പോലൊരു രാജ്യത്തെ രണ്ടു പതിറ്റാണ്ടുകൊണ്ട് എല്ലാ അർത്ഥത്തിലും ഏറ്റവും വികസിതമായ ഒന്നാക്കിത്തീർത്തു.
1917 മാർച്ചിൽ റഷ്യൻ ചക്രവർത്തിയായിരുന്ന നിക്കോളാസ് II നെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം അധികാരത്തിൽ വന്ന കെറൻസ്കിയുടെ നേതൃത്വത്തിലുള്ള താത്കാലിക ഗവണ്മെന്റിന്റെ ആഭ്യന്തര വിദേശനയങ്ങളിൽ ജനങ്ങൾ പൊതുവെ അസന്തുഷ്ടരായിരുന്നു. ഒന്നാംലോകയുദ്ധത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന റഷ്യൻ പട്ടാളക്കാരിൽ യുദ്ധവിരുദ്ധ മനോഭാവം വളർന്നുവന്നിരുന്നു. പലരും യുദ്ധരംഗത്തുനിന്നും പലായനം ചെയ്തു. നവംബർ 6-നു ചേർന്ന ബോൾഷെവിക് പാർട്ടിയുടെ കേന്ദ്രസമിതി വിപ്ലവപരിപാടിക്ക് അന്തിമ രൂപം നൽകി. വിപ്ലവകാലത്ത് സമിതി അംഗങ്ങൾക്ക് പ്രത്യേകം ചുമതലകൾ നിർദ്ദേശിക്കപ്പെട്ടു; സൈനിക നേതൃത്വം അന്തോനോവ്, പൊഡ്‌വോയ്സ്കി, ചഡ്നോവ്സ്കി എന്നിവരിലാണ് നിക്ഷിപ്തമായിരുന്നത്.
നവംബർ 6-ന് രാത്രയും 7-നു പ്രഭാതത്തിനുമിടയ്ക്ക് കലാപകാരികൾ ഗണ്യമായ നേട്ടങ്ങൾ ഉണ്ടാക്കി. രണ്ടു റയിൽറോഡുകളും സ്റ്റേഷനുകളും സ്റ്റേറ്റുബാങ്കും കേന്ദ്ര ടെലഫോൺ സ്റ്റേഷനും അവർ കൈവശപ്പെടുത്തി. കെറൻസ്കി ഗണ്മെന്റിന്റെ ആസ്ഥാനമായിരുന്ന വിന്റർ പാലസ്സിലേക്കുള്ള ടെലഫോൺ ബന്ധം അവർ വിച്ഛേദിച്ചു. നവംബർ 7-നു വിപ്ലവനേതൃത്വത്തിന്റെ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ തീരുമാനത്തിനു കാത്തിരിക്കാതെ ജന്മിമാരുടെ ഭൂമി മുഴുവൻ പിടിച്ചെടുക്കുവാൻ ആഹ്വാനം ചെയ്തു.വ്യവസായശാലകളുടെ ഭരണം നടത്തുവൻ അവയിലെ തൊഴിലാളികളെത്തന്നെ ചുമതലപ്പെടുത്തി.
