ഹൈദരാബാദ്: പീഡന ശ്രമമുണ്ടായതിനേത്തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്. സംഭവമുമായി ബന്ധപ്പെട്ട് മൂന്നുപേരെ റെയില്‍വേ പോലിസിന്റെ സഹായത്താല്‍ അറസ്റ്റു ചെയ്തു. വിജയവാഡ സ്വദേശിനിയായ യുവതി തന്റെ വിവാഹ നിശ്ചയത്തിനായി, ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് പീഡന ശ്രമം. ചെന്നയിലെ റെഡിംഗ്ടണ്‍ ഗള്‍ഫ് എന്ന ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ് യുവതി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളം- ഹസ്രത്ത് നിസാമുദ്ദീന്‍ മില്ലെനിയം എക്‌സ്പ്രസ് ട്രെയിനില്‍ വച്ച് വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യവേ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് യുവതിയേ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മൂന്നാമന്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. ഒപ്പമുണ്ടായിരുന്ന യുവതികള്‍ ബഹളം വച്ചെങ്കിലും ഫലമുണ്ടായില്ല. ട്രെയിന്‍ സിംഗരായകൊണ്ട റെയില്‍വേ സ്റ്റേഷനു സമീപമെത്തിയപ്പോള്‍ രക്ഷനേടാന്‍ പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. അതേസമയം, പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവമുമായി ബന്ധപ്പെട്ട് മുഹമ്മദ്(22), ഹരികേശവ് യാദവ്(25), സാദഖ് ഖാന്‍(42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിന്‍ വിജയവാഡ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു ഇവരെ പോലിസ് അറസ്റ്റു ചെയ്തത്.
