നാഗപൂര്‍: മുംബൈയില്‍ ഐ.ടി എന്‍ജിനീയറായ യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബല്‍ഗാമിനു സമീപത്ത് ബല്‍ഗാവിയില്‍ നിന്നാണ് പോലീസ് സ്യൂട്ട്കേസ് കണ്ടെടുത്തത്. ഇവര്‍ കൂട്ടബലാത്സംഗത്തിനിരയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാഗപ്പൂരിലെ സബ് ഇന്‍പെക്ടറുടെ മകളാണ് യുവതി. സംഭവുമായി ബന്ധപ്പെട്ട് 22 വയസുകാരിയായ യുവതിയുടെ സുഹൃത്തുക്കളായ നിഖിലേഷ് പാട്ടീല്‍(24), അക്ഷയ് വലോഡ്(25) എന്നിവര്‍ പിടിയിലായിട്ടുണ്ട്. കേസില്‍ രണ്ടുപേരെ കൂടി ഇനി അറസ്റ്റുചെയ്യാനുണ്ട്. ഇവര്‍ക്കെതിരേ കൊലപാതകത്തിനും ബലാല്‍സംഗത്തിനും കേസെടുത്തതായി നാഗപൂര്‍ അസിസ്റ്റന്റ് കമ്മിഷ്ണര്‍ സുനില്‍ പാട്ടില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. നിഖിലേഷ് പാട്ടില്‍ യുവതിയുടെ സഹജീവനക്കാരനാണ്. മുന്‍ കൂട്ടി നിശ്ചയിച്ചതു പ്രകാരം ഞായറാഴ്ച വൈകീട്ട് യുവതിയും പ്രതികളും മറ്റൊരു സുഹൃത്തും പൂണെയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടര്‍ന്ന് ഇവര്‍ അംബര്‍നാഥിലുള്ള അക്ഷയുടെ വീട്ടിലേക്ക് പോയി. ഇവിടെ വെച്ച് പ്രതികള്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പോലീസില്‍ പരാതിപ്പെടുമെന്ന് പെണ്‍കുട്ടി ഭീഷണി മുഴക്കിയതോടെ പ്രതികള്‍ യുവതിയെ കൊന്നു സ്യൂട്ട്കേസിലാക്കുകയായിരുന്നു. പിന്നീട് ഒരു സുഹൃത്തിന്റെ കാറില്‍ മൃതദേഹം കണ്ടുപോയി ബെല്‍ഗാമിനു സമീപം ഉപേക്ഷിച്ചു. സംഭവത്തിനു ശേഷം ഗോവയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ സ്യൂട്ട്കേസ് ബെല്‍ഗാമില്‍ ഉപേക്ഷിച്ചത്. രത്‌നഗിരിയിലേയും അംബര്‍നാഥിലെയും പോലിസാണ് കേസ് അന്വേഷിച്ചത്. മൃതദേഹം തിരിച്ചറിഞ്ഞതിനെ തുടന്ന് യുവതിയുടെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ സംഭവം പുറത്താകുന്നത്.
