
കണ്ണൂർ:ഭീകര സംഘടന ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐ.എസ്) ബന്ധമുണ്ടെന്നു സംശയിക്കുന്ന കണ്ണൂർ വളപട്ടണം, ചക്കരക്കൽ സ്വദേശികളായ യുവാക്കളെ വളപട്ടണം പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തുർക്കിയിൽ ജോലി ചെയ്യുകയായിരുന്ന യുവാക്കൾ കഴിഞ്ഞ ദിവസമാണു മടങ്ങിയെത്തിയത്. ഇവർക്കൊപ്പമുള്ള രണ്ടു യുവാക്കളെക്കൂടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കസ്റ്റഡിയിലെടുത്തവരെ കണ്ണൂർ ഡി.വൈ.എസ്പി പി.പി. സദാനന്ദനെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ദേശീയ അന്വേഷണ ഏജൻസിയാണ് ഇപ്പോൾ ചോദ്യം ചെയ്യൽ നടത്തുന്നത്.

ഒക്ടോബറിൽ കണ്ണൂരിലെ കനകമലയിൽനിന്ന് ഐ.എസ് ബന്ധമുള്ള അഞ്ചുപേരെ എൻ.ഐ.എ കസ്റ്റഡിയിൽ എടുത്തിരുന്നു. കണ്ണൂരിൽ പാനൂരിനു സമീപം പെരിങ്ങത്തൂർ കനകമലയിൽ രഹസ്യയോഗം ചേർന്ന അഞ്ചുപേരെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തത്. ഇവർ നൽകിയ വിവരമനുസരിച്ചു കോഴിക്കോട്ടെ കുറ്റ്യാടിയിൽനിന്നു മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിൽനിന്ന് അപ്രത്യക്ഷരായ 21 യുവാക്കൾ ഐഎസിൽ ചേർന്നതിനു പിന്നാലെയാണ് കേരളത്തിലെ ഐ.എസ് സ്വാധീനം തെളിഞ്ഞത്.
