തലശേരി: ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പില്‍(69) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാല്മണിയോടെ തലശേരി കായ്യത്ത്‌റോഡിലെ സന്മയിലായിരുന്നു അന്ത്യം. മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തറവാടായ കായ്യത്ത്‌റോഡിലെ തനീമില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വൈകിട്ട് നാലോടെ ഓടത്തില്‍പള്ളിയില്‍ കബറടക്കും. മുസ്ലിംലീഗിന്റെ നേതാവും ഐ.എന്‍.എല്‍ സ്ഥാപക പ്രസിഡന്റുമായ സി.കെ.പി ചെറിയമമ്മുക്കേയിയുടെ മകനാണ്. എം.എസ്.എഫ് തലശേരി ടൌണ്‍കമ്മിറ്റി ജോയന്റ് സെക്രട്ടറിയായി 1963 ല്‍ രാഷ്ട്രീയരംഗത്ത് പ്രവേശിച്ച പുതിയവളപ്പില്‍ എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ലീഗില്‍ നിന്ന് 1994ല്‍ ഐ.എന്‍.എല്ലില്‍ ചേര്‍ന്നു. ഐ.എന്‍.എല്‍ കണ്ണൂര്‍ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മമ്മുകേയിയുടെ മരണത്തെ തുടര്‍ന്ന് 2004 ല്‍ സംസ്ഥാന അധ്യക്ഷനായി.
കോഴിക്കോട് ഫാറൂഖ്‌കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിരുന്നു. കോളേജ് ഹോക്കിടീം ക്യാപ്റ്റന്‍, ക്രിക്കറ്റ്, ബാസ്‌ക്കറ്റ്‌ബോള്‍ ടീം അംഗം എന്നീ നിലകളില്‍ കായികരംഗത്തും സജീവമായിരുന്നു. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നിന്ന് 2011 ല്‍ എല്‍.ഡി.എഫ് പിന്തുണയോടെ നിയമസഭയിലേക്ക് മത്സരിച്ചു. അഖിലേന്ത്യലീഗിന്റെ സഹകരണത്തോടെ ഗ്രീന്റാഡിക്കല്‍സ് പുറത്തിറക്കിയ ‘ആവനാഴി’യുടെ പത്രാധിപസമിതി അംഗം, ഐഎന്‍എല്ലിന്റെ ‘ഐക്യം’ വാരിക പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തിരൂരങ്ങാടി യതീംഖാന പ്രവര്‍ത്തകസമിതി അംഗം, തലശേരി ദാറുസലാം യതീം ഖാന വൈസ് പ്രസിഡന്റ്, തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. മാതാവ്: പി.വി ഉമ്മാച്ചുഹജ്ജുമ്മ. ഭാര്യ: എസ്.എ ഷരീഫ. മക്കള്‍: ശുഹൈബ്, സുമയ്യതസ്വീജ്, ഷഹര്‍ഭാന്‍, സല്‍മാനുല്‍ ഫാരിസി.
ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പില്‍ അന്തരിച്ചു