ഏഴുപേര്‍ ചേര്‍ന്നു അടിച്ചെന്നും ചവിട്ടിയെന്നും മരിക്കുന്നതിന് മുമ്പ് മധു പൊലീസിന് മൊഴി നല്‍കിയിരുന്നതായി എഫ്.ഐ.ആര്‍; മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച

  • Post category:news
  • Reading time:1 min read
You are currently viewing ഏഴുപേര്‍ ചേര്‍ന്നു അടിച്ചെന്നും ചവിട്ടിയെന്നും മരിക്കുന്നതിന് മുമ്പ് മധു പൊലീസിന് മൊഴി നല്‍കിയിരുന്നതായി എഫ്.ഐ.ആര്‍; മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച

പാലക്കാട്: നാട്ടുകാരുടെ മര്‍ദനം സ്ഥിരീകരിച്ച് മധു മരിക്കുന്നതിന് മുമ്പ് പൊലീസിന് മൊഴി നല്‍കിയിരുന്നതായി എഫ്ഐആര്‍. ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നീ ഏഴ് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് മധു പൊലീസിനോട് പറഞ്ഞിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. മധുവിനെ പിടിച്ചുകൊണ്ടുവന്നവരുടെ പേരുകളും എഫ്‌ഐആറിലുണ്ട്. പേരുകളാണ് മധു പറഞ്ഞത്. അതേസമയം, മര്‍ദ്ദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്മോര്‍ട്ടം ശനിയാഴ്ചയിലേക്ക് മാറ്റി. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പേര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. രാവിലെ പിടികൂടിയ ഏഴ് പേരില്‍ രണ്ട് പേരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും എസ്‌സി-എസ്ടി കമ്മീഷനും കേസെടുത്തു. കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. മാനസികസ്വാസ്ഥ്യമുള്ളതിനാല്‍ മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിവന്നത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ഇയാള്‍ മോഷ്ടിച്ചതെന്ന് പറയുന്ന അരിയും മഞ്ഞള്‍ പൊടിയും പോലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരികയും ചെയ്തു. നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയപ്പോഴേക്കും മധു ഛര്‍ദ്ദിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം സംഭവത്തില്‍ പൊലീസ് കസ്റ്റഡിലെടുത്ത ഉബൈദ് തന്റെ സഹായി അല്ലെന്ന് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇയാള്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും എംഎല്‍എ പറഞ്ഞു.

0Shares