
ഏഴിമല : ഏഴിമല നാവിക അക്കാഡമിയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റായി ബറേലി സ്വദേശി ശുഭാംഗി സ്വരൂപ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. മിദാല ജഗദീഷ് കുമാറിൽ നിന്ന് ബിരുദം ഏറ്റുവാങ്ങിയ ശുഭാംഗിയുടെ തുടർ പരിശീലനം കൊച്ചിയിലായിരിക്കും. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബയോ ടെക്നോളജിയിൽ ബി.ടെക് നേടിയ ശേഷമാണ് ശുഭാംഗി നാവികസേനയിൽ പൈലറ്റാകാൻ എത്തിയത്.
മറ്റൊരു ചരിത്രപ്പിറവിക്ക് കൂടി ഏഴിമല ഇന്നലെ സാക്ഷ്യം വഹിച്ചു. വെടിയുണ്ടകൾ മുതൽ മുതൽ മിസൈൽ വരെയുള്ള ആയുധങ്ങളുടെ നിലവാര പരിശോധനയും ഗവേഷണവും നടക്കുന്ന നേവൽ ആർമമെന്റ് ഇൻസ്‌പെക്‌ഷൻ (എൻ.എ. ഐ ) ബ്രാഞ്ചിലേക്ക് രാജ്യത്ത് ആദ്യമായി മൂന്നു വനിതകളും പരിശീലനം പൂർത്തിയാക്കി. തിരുവനന്തപുരത്തുകാരി എസ്. ശക്തിമായയാണ് ഒരാൾ. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ മരുതുംകുഴിയിലെ സി.കെ. ശശീന്ദ്ര കുറുപ്പിന്റെയും ശ്രീദേവിയുടെയും മകളാണ്. ആസ്‌ത സെഗാൾ, എ. രൂപ എന്നിവരാണ് മറ്റു രണ്ടു പേർ. ഇന്നലെ രാവിലെ നടന്ന പാസിംഗ് ഔട്ട് പരേഡിൽ നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും ഉൾപ്പെടെ 328 കാഡറ്റുകൾ അണിനിരന്നു.
