മുംബൈ: ആമീര്‍ ഖാന്‍ ചിത്രമായ ‘ദംഗല്‍’ തിയറ്ററുകളില്‍ മഹാമേളം സൃഷ്ടിക്കുന്നതൊടൊപ്പം ബോക്സ് ഓഫീസിലും ചരിത്രം കുറിക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. തുടര്‍ച്ചയായി നാലാം വാരാവസാനത്തിലും പത്ത് കോടി രൂപയില്‍ അധികമാണ് ദംഗല്‍ വാരിക്കൂട്ടിയത്. മഹാവീര്‍ സിങ് ഫോഗട്ടിന്റെയും മക്കളുടെയും വിജയകഥ ജനങ്ങളിലേക്കെത്തിയപ്പോള്‍ ബോക്സ് ഓഫീസ് ഇളകി മറിഞ്ഞു. പുറത്തിറങ്ങി 17-ാം ദിനം തന്നെ ആമിര്‍ ഖാന്റെ തന്നെ ചിത്രമായ ‘പികെ’യുടെ റെക്കോര്‍ഡിനെ കടത്തി വെട്ടിയ ദംഗല്‍, ബോളിവുഡ് കണ്ട ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ചിത്രമായി മാറിയിരിക്കുകയാണ്.നിലവില്‍ 370.11 കോടി രൂപയോളമാണ് ദംഗലിന്റെ മൊത്തം വരുമാനം. മത്സരത്തിന് മറ്റ് ചിത്രങ്ങളില്ലാത്തതും ദംഗലിന്റെ കുതിപ്പിന് നിര്‍ണായകമായി.

ഇത്രമാത്രം സാമ്പത്തിക നേട്ടമുണ്ടാക്കിയ ചിത്രത്തില്‍ നായകന്‍ ആമിര്‍ ഖാന്റെ പ്രതിഫലം എത്രയാണെന്നറിഞ്ഞാല്‍ ഞെട്ടും! കാരണം, ദംഗലിന് ആമിര്‍ പ്രതിഫലം വാങ്ങിയിട്ടില്ല എന്നതാണ് കാര്യം. ദംഗലിന് മാത്രമാല്ല, തന്റെ ചിത്രങ്ങള്‍ക്ക് ഒന്നും ആമിര്‍ ഖാന് പ്രതിഫലം വാങ്ങാറില്ല. പകരം തന്റെ സിനിമകളുടെ 50 ശതമാനം ലാഭ വിഹിതമാണ് ആമിര്‍ ഖാന് എന്നും ആവശ്യപ്പെടുന്നത്. അതിനാല്‍ ദംഗലില്‍ നിന്നും ആമിര്‍ ഖാന്‍ നേടുന്നത് 175 കോടി രൂപ.ഇതോടെ ബോളിവുഡില്‍ ഏറ്റവും പ്രതിഫലം നേടുന്ന നടനായി ആമിര്‍ ഖാന്‍ മാറി. ആമിറിന് പിന്നാലെ സല്‍മാന്‍ ഖാനാണ് പട്ടികയില്‍ രണ്ടാമതായുള്ളത്. ഏകദേശം 105 കോടി രൂപയാണ് സുല്‍ത്താനില്‍ സല്‍മാന്‍ ഖാന്‍ പ്രതിഫലം നേടിയത്.