എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍; രാജ്യസഭാ സീറ്റുകളില്‍ സി.പി.എമ്മും സി.പി.ഐയും ഓരോ സീറ്റില്‍ മത്സരിക്കാന്‍ ധാരണ

  • Post category:news
  • Reading time:1 min read
You are currently viewing എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍; രാജ്യസഭാ സീറ്റുകളില്‍ സി.പി.എമ്മും സി.പി.ഐയും ഓരോ സീറ്റില്‍ മത്സരിക്കാന്‍ ധാരണ

തിരുവനന്തപുരം: സി.പി.എം നേതാവ് എ വിജയരാഘവനെ എല്‍.ഡി.എഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. രാജ്യസഭ സീറ്റുകളില്‍ ധാരണയായി. സി.പി.എമ്മും സി.പി.ഐയും ഓരോ സീറ്റില്‍ മത്സരിക്കും. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. പാലോളി മുഹമ്മദ് കുട്ടി ഒഴിഞ്ഞ ശേഷം 12 വര്‍ഷമായി വൈക്കം വിശ്വനാണ് കണ്‍വീനര്‍ സ്ഥാനം വഹിച്ചുവന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കണ്‍വീനര്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് വിജയരാഘവന്റെ പേര് തീരുമാനിച്ചത്. തൊഴിലാളികളായ മലപ്പുറം ആലമ്പാടന്‍ പറങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായി 1956 മാര്‍ച്ചിലാണ് വിജയരാഘവന്റെ ജനനം. 1989ല്‍ പാലക്കാട് മണ്ഡലത്തെ കോണ്‍ഗ്രസില്‍നിന്ന് ഇടതുപക്ഷത്തോട് ചേര്‍ത്ത് നിര്‍ത്തി ലോക്‌സഭയില്‍ എത്തിയ വിജയരാഘവന്‍ 1998ലും 2004 ലും രാജ്യസഭാംഗമായി. 2014 ല്‍ പതിനാറാം ലോകസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ കോഴിക്കോടുനിന്ന് മത്സരിച്ച വിജയരാഘവന്‍ നിലവില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറിയുമാണ്. പൊതുപ്രവര്‍ത്തനരംഗത്തും രാഷ്ട്രീയരംഗത്തും മുഖവുരകള്‍ വേണ്ടാത്ത വ്യക്തിത്വമാണ് എ വിജയരാഘവന്റേത്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി. ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക നിലകളെക്കുറിച്ച് അവഗാഹവുമുളള വിജയരാഘവന്‍ നിരവധിതവണ പൊലീസിന്റെ കൊടിയ മര്‍ദനമേറ്റുവാങ്ങുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുളള വ്യക്തിത്വമാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗം, കേരള കലാമണ്ഡലം ഭരണസമിതി അംഗം, എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ഉപനിയമ നിര്‍മാണ സമിതി അംഗം, അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാന്‍, ആഭ്യന്തരവകുപ്പ്, ധനവകുപ്പ്, പ്രതിരോധം, പെട്രോളിയം, പ്രകൃതിവാതകം, ഗ്രാമീണവികസനം, ഐടി വിഭാഗങ്ങളുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും അവിടുത്തെ ജനജീവിതത്തെ കുറിച്ചും അടുത്തറിഞ്ഞിട്ടുളള വ്യക്തിയാണ് വിജയരാഘവന്‍. റഷ്യ, ചൈന എന്നിവിടങ്ങള്‍ സഞ്ചരിച്ച വിദ്യാര്‍ഥി- യുവജന സംഘത്തിന്റെ ലീഡറായിരുന്നു. മുപ്പതോളം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വിവിധ ഭാഷകളില്‍ പ്രാവണ്യവും നിയമ ബിരുദധാരിയായ വിജയരാഘവനുണ്ട്.

0Shares