തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ ലൈംഗിക ചുവയുള്ള ശബ്ദരേഖ പുറത്ത് വന്ന സംഭവത്തില്‍ ഇതിനെക്കുറിച്ച് ഏത് തരത്തില്‍ അന്വേഷണം വേണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനിക്കും. ആരും ഇതുവരെയും പരാതി നല്‍കാത്തതിനാല്‍ സര്‍ക്കാര്‍ സ്വമേധയാ അന്വേഷണം നടത്താന്‍ സാധ്യതയുണ്ട്. സംഭവത്തെക്കുറിച്ച് ഇതുവരെയും ആരും പോലീസില്‍ പരാതി പറയാത്ത സാഹചര്യത്തില്‍ പോലീസിന് സ്വമേധയ ആന്വേഷണത്തിന് വകയില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പിന്നീടുള്ളത് രണ്ട് സാധ്യതകളാണ്. ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.കെ ശശീന്ദ്രന്‍ പോലീസിന് പരാതി നല്‍കണമെന്നുള്ളതാണ് ആദ്യത്തെ സാധ്യത.

അല്ലെങ്കില്‍ സര്‍ക്കാര്‍ സ്വമേധയാ അന്വേഷണം നടത്തണം. താന്‍ പരാതി നല്‍കണേ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടശേഷം മാത്രമേ ശശീന്ദ്രന്‍ തീരുമാനമാകുയുള്ളൂ. എന്നാല്‍ തനിക്കെതിരെ വരുന്ന വാര്‍ത്തയില്‍ അസ്വഭാവികതയുണ്ടെന്നും അതുകൊണ്ട് അന്വേഷണം നടക്കട്ടെയെന്നും ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണം നടക്കുമ്പോള്‍ താന്‍ മന്ത്രി പദത്തിലിരിക്കുന്നത് നല്ലതല്ലെന്നും അതിനാലാണ് രാജിയെന്നുമാണ് സംഭവത്തെക്കുറിച്ചും രാജിയെക്കുറിച്ചും എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചത്.