എൽ.ഐ.സിയുടെ ഓഹരി വിൽപന സെപ്റ്റംബറിനു ശേഷം; എതിര്‍പ്പുമായി ബി.ജെ.പി അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസും രംഗത്ത്

  • Post category:news
  • Reading time:1 min read
You are currently viewing എൽ.ഐ.സിയുടെ ഓഹരി വിൽപന സെപ്റ്റംബറിനു ശേഷം; എതിര്‍പ്പുമായി ബി.ജെ.പി അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസും രംഗത്ത്

ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ (എൽ.ഐ.സി) കേന്ദ്ര സർക്കാരിനുള്ള ഓഹരി വിൽക്കുന്നതിനുള്ള ഒൗദ്യോഗിക നടപടികൾ സെപ്റ്റംബറിനു ശേഷം ആരംഭിക്കുമെന്നു ധനകാര്യ സെക്രട്ടറി രാജീവ് കുമാർ വ്യക്തമാക്കി. അതിനിടെ എൽ.ഐ.സി, ഐ.ഡി.ബി.ഐ എന്നിവയുടെ ഓഹരി വിൽപനയ്ക്കെതിരെ ബി.ജെ.പി അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ് രംഗത്ത്.

വിനാശകരമായ തീരുമാനമാണ് സർക്കാരിന്റേതെന്നു രാജസ്ഥാനിലെ ജോധ്പുരിൽ ചേർന്ന ബി.എം.എസ് ദേശീയ നിർവാഹക സമിതി കുറ്റപ്പെടുത്തി. ഓഹരി വിറ്റഴിക്കലിന് മുന്നോടിയായി പൂർത്തിയാക്കേണ്ട നടപടികൾ സംബന്ധിച്ചു കേന്ദ്ര നിയമ മന്ത്രാലയവുമായി ചർച്ച ആരംഭിച്ചു. 10% ഓഹരി വിൽക്കാനാണ് ആലോചനയെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഐ.ഡി.ബി.ഐ ബാങ്കിൽ സർക്കാരിനുള്ള 47.11% ഓഹരിയും വിൽക്കും. ഇരു വിൽപനകളിലൂടെയും 90,000 കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരുമാനമുണ്ടാക്കാൻ ദേശീയ സ്വത്തുക്കൾ വിൽക്കുന്നതു സാമ്പത്തിക ശാസ്ത്രത്തിനു യോജിച്ചതല്ലെന്നാണ് ബി.എം.എസ് ദേശീയ നിർവാഹക സമിതിയുടെ വിലയിരുത്തല്‍. സാമ്പത്തീക ഉപദേശകരും ഉദ്യോഗസ്ഥരും നൽകുന്ന ആശയങ്ങൾ സർക്കാരിനു ഗുണം ചെയ്യുന്നില്ല.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുകഴിഞ്ഞാൽ സർക്കാരിനു കീഴിലുള്ള ഭൂമിയടക്കം വിൽക്കുന്ന സാഹചര്യത്തിലേക്കു കടക്കേണ്ടിവരും.മധ്യവർഗത്തിനു സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന എൽ.ഐ.സിയെ സ്വകാര്യ മേഖല നിയന്ത്രിക്കുന്നതു ഗുണം ചെയ്യില്ല. സ്വകാര്യവൽക്കരണം തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുമെന്നു സമിതി ചൂണ്ടിക്കാട്ടി.

0Shares