‘എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും മാത്രം’; നിലപാട് വ്യക്തമാക്കി അമിത് ഷാ ലോക്‌സഭയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ‘എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും മാത്രം’; നിലപാട് വ്യക്തമാക്കി അമിത് ഷാ ലോക്‌സഭയില്‍

വിവാദമായ എസ്.പി.ജി (ഭേദഗതി) ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കും മാത്രമേ എസ്.പി.ജി സുരക്ഷ നല്‍കാനാകൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഭേദഗതി പ്രകാരം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് എസ്.പി.ജി സുരക്ഷ നല്‍കുക.

ഭേദഗതി കൊണ്ടുവന്നത് എസ്.പി.ജി നിയമത്തിന്‍റെ യഥാര്‍ത്ഥ ഘടനയിലേക്കു തിരിച്ചവരാനാണെന്നും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. ‘പ്രധാനമന്ത്രിയോടൊപ്പം ഔദ്യോഗിക വസതിയില്‍ താമസിക്കാത്ത അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്ക് എസ്.പി.ജി സുരക്ഷ നല്‍കില്ല. പ്രധാനമന്ത്രിയുടെ സുരക്ഷ അത്ര നിര്‍ണായകമാണ്.’- അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഉണ്ടായിരുന്ന എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചിരുന്നു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ പക്ഷപാതപരമായ ഇടപെടലാണ് സുരക്ഷ പിന്‍വലിച്ചതിന് പിന്നിലെന്നും ഇത്തരത്തിലുള്ള രാഷ്ട്രീയ പകപോക്കലുകള്‍ അവസാനിപ്പിക്കേണ്ട കാലമായെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന സമയത്ത് ഒരിക്കല്‍പോലും പ്രതിപക്ഷ കക്ഷികളുടെ സുരക്ഷയില്‍ അയവുവരുത്തിയിട്ടില്ലെന്ന് ആനന്ദ് ശര്‍മ്മ സഭയില്‍ നേരത്തേ പറഞ്ഞിരുന്നു.

0Shares