എസ്.ഡി.പി.ഐ – പോപുലര്‍ ഫ്രണ്ട് നേതാക്കളും ലീഗ് സ്ഥാനാര്‍ത്ഥികളുമായി കൂടികാഴ്ച; കോണ്‍ഗ്രസും യു.ഡി.എഫും നിലപാട് വ്യക്തമാക്കണം: കോടിയേരി ബാലകൃഷ്ണന്‍

  • Post category:news
  • Reading time:1 min read
You are currently viewing എസ്.ഡി.പി.ഐ –  പോപുലര്‍ ഫ്രണ്ട് നേതാക്കളും ലീഗ് സ്ഥാനാര്‍ത്ഥികളുമായി കൂടികാഴ്ച; കോണ്‍ഗ്രസും യു.ഡി.എഫും നിലപാട് വ്യക്തമാക്കണം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മലപ്പുറത്ത് ഇന്നലെ എസ്.ഡി.പി.ഐ – പോപുലര്‍ ഫ്രണ്ട് നേതാക്കളും ലീഗ് സ്ഥാനാര്‍ത്ഥികളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതില്‍ കോണ്‍ഗ്രസും യു.ഡി.എഫും നിലപാട് വ്യക്തമാക്കണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ച നടത്തി എന്ന് വ്യക്തമായിട്ടും ഇല്ലെന്ന് പറയുന്നത് വസ്തുതകളെ മറച്ചു പിടിക്കാനുള്ളതിന്‍റെ നീക്കമാണ്. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ടു മറിക്കുക എന്നതാണ് അവര്‍ തമ്മിലുണ്ടാക്കിയിരിക്കുന്ന സഖ്യമെന്നാണ് ഇതുവഴി മനസിലാക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

എസ്.ഡി.പി.ഐ – ലീഗ് കൂട്ടുകെട്ട് അപകടകരമായിട്ടുള്ള ഒന്നാണ്. ഇക്കാര്യത്തില്‍ നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് പരാജയഭീതിയില്‍ ആര്‍.എസ്.എസുമായിട്ടും കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ വിശാലമായ ഇടതുപക്ഷ വിരുദ്ധ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അവരുടെ നീക്കം. അതിനുവേണ്ടി മുസ്ലീം തീവ്രവാദികളെയും ഹിന്ദുത്വ വര്‍ഗീയ ശക്തികളെയുമെല്ലാം ഏകോപിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണ് ഈ ചര്‍ച്ച, കോടിയേരി പറയുന്നു.

ഇന്നലെ ആയിരുന്നു ലീഗ് നേതാക്കളും മലപ്പുറം – പൊന്നാനി മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുമായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലില്‍ വെച്ച് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ നേതാക്കളുമായി കൂടുക്കാഴ്ച നടത്തിയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നത്.

എന്നാല്‍ കൂടിക്കാഴ്ച യാദൃശ്ചികമാണെന്നായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍ ഇന്നലെ പ്രതികരിച്ചത്. പക്ഷെ, ഇതിനെ തള്ളിക്കൊണ്ട് എസ്.ഡി.പി.ഐ രംഗത്തെത്തിയിരുന്നു. ലീഗുമായി ചര്‍ച്ച നടത്തുകയുണ്ടായി എന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി സ്ഥിരീകരിച്ചിരുന്നു. തങ്ങള്‍ രഹസ്യ ചര്‍ച്ചയല്ല നടത്തിയതെന്നും രാഷ്ട്രീയ വിഷയം ചര്‍ച്ച ചെയ്തുവെന്നും മജീദ് ഫൈസി പറഞ്ഞു.

0Shares