എസ്.എൻ.ഡി.പിയുടെ 1000 ശാഖകള്‍ വ്യാജം; വെള്ളാപ്പള്ളി നടേശന്‍ 1600 കോടി രൂപ തട്ടിച്ചു; അന്വേഷണം ആവശ്യപ്പെട്ട് ടി.പി സെന്‍കുമാര്‍

  • Post category:news
  • Reading time:1 min read
You are currently viewing എസ്.എൻ.ഡി.പിയുടെ 1000 ശാഖകള്‍ വ്യാജം; വെള്ളാപ്പള്ളി നടേശന്‍ 1600 കോടി രൂപ തട്ടിച്ചു; അന്വേഷണം ആവശ്യപ്പെട്ട് ടി.പി സെന്‍കുമാര്‍

എസ്.എൻ.ഡി.പി നേതാക്കള്‍ക്കെതിരെ വീണ്ടും വിവാദ ആരോപണങ്ങളുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. എസ്.എൻ.ഡി.പി യോഗത്തില്‍നിന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പണം തട്ടിയെന്ന് സെന്‍കുമാര്‍ പറയുന്നു. വിശദമായ അന്വേഷണം ആവശ്യമാണ്. എസ്എന്‍ മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂള്‍, കോളേജ് അഡ്മിഷനും നിയമനങ്ങള്‍ക്കുമായി വാങ്ങിയ 1600 കോടി രൂപ കാണാതായിട്ടുണ്ടെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു. എസ്.എൻ.ഡി.പി മൈക്രോ ഫിനാന്‍സിന് വാങ്ങിയ അധിക പലിശ എവിടെ പോയെന്ന് കണ്ടെത്തണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെടുന്നു. വാര്‍ത്താസമ്മേളനം നടത്തിയാണ് വെളിപ്പെടുത്തല്‍.

ഒരു പൈസയും അധികമായി ഉണ്ടാക്കരുതെന്നാണ് ഗുരു പറഞ്ഞത്. അതില്‍നിന്ന് 150 ഡിഗ്രി മാറിയാണ് എസ്.എൻ.ഡി.പി സഞ്ചരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചു. എസ്.എൻ.ഡി.പിയുടെ 1000 ശാഖകള്‍ വ്യാജമാണ്. 200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധിയെന്നാണ് കണക്ക്. അംഗങ്ങളുടെ വോട്ടു നോക്കിയാല്‍ സമുദായ ജനസംഖ്യയേക്കാള്‍ കാണും. കള്ളവോട്ടാണ് കാരണം. മലബാര്‍ മേഖലയിലാണ് കള്ളവോട്ട് കൂടുതല്‍. ഇതിന്‍റെ രേഖകള്‍ ശേഖരിച്ചു വരികയാണ്. ജനാധിപത്യരീതിയിലേക്ക് എസ്.എൻ.ഡി.പി യോഗം വരണം. പുതിയ സംവിധാനം വേണം.

ആരും രണ്ടു തവണയില്‍ കൂടുതല്‍ നേതൃസ്ഥാനത്ത് ഉണ്ടാകരുത്. നേതൃസ്ഥാനത്തുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കു ചുമതലകള്‍ നല്‍കരുത്. സ്‌കൂളുകളിലും കോളജുകളിലും കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശം നല്‍കണം. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം നിയമനം. എസ്എന്‍ കോളജുകളുടെ അവസ്ഥ വളരെ മോശമാണ്. അറ്റകുറ്റപ്പണികള്‍ക്ക് പണം ചെലവഴിക്കുന്നില്ലെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു.

ശിവഗിരി തീര്‍ഥാടനത്തിനു 100 രൂപവീതം എസ്.എൻ.ഡി.പി പിരിക്കുന്നു. ആ പണത്തിന്‍റെ ബാക്കി എവിടെയെന്നും അന്വേഷിക്കണം. കേരളത്തില്‍ ആദ്യം ഉണ്ടായ നവോത്ഥാന പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി. അത് ഒരു കുടുംബത്തിനു മാത്രമാകരുത്. ഞാന്‍ രാജാവ് എന്‍റെ മകന്‍ രാജകുമാരന്‍ എന്ന കാഴ്ചപ്പാട് ശരിയല്ല. സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താന്‍ വെള്ളാപ്പള്ളി തയാറാകണം. അതുവരെ അദ്ദേഹം തല്‍സ്ഥാനത്തുനിന്നു മാറിനില്‍ക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെടുന്നു.

0Shares