എല്‍.ഡി.എഫ് വിപുലീകരണത്തില്‍ വി.എസിന് അതൃപ്തി; കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്ന് പറയുന്നവര്‍ മുന്നണിക്ക് ബാധ്യതയെന്ന് വി.എസ്

  • Post category:news
  • Reading time:1 min read
You are currently viewing എല്‍.ഡി.എഫ് വിപുലീകരണത്തില്‍ വി.എസിന് അതൃപ്തി; കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്ന് പറയുന്നവര്‍ മുന്നണിക്ക് ബാധ്യതയെന്ന് വി.എസ്

തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. വര്‍ഗീയവാദികള്‍ക്കും സവര്‍ണ മേധാവിത്വമുള്ളവര്‍ക്കുമുള്ള ഇടത്താവളമല്ല എല്‍.ഡി.എഫെന്നും കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നു പറയുന്നവര്‍ മുന്നണിക്കു ബാധ്യതയാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. ആറ്റിങ്ങലില്‍ പൊതുപരിപാടിക്കിടെയായിരുന്നു പ്രതികരണം. കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍, വര്‍ഗീയ കക്ഷികള്‍ തുടങ്ങിയവര്‍ക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷ കൂട്ടായ്മളും മുന്നണികളുമെന്ന് വി എസ് പറഞ്ഞു. അതേസമയം ആരുടേയും പേരെടുത്ത് പറയാതെയാണ് വി.എസ് വിമര്‍ശം ഉന്നയിച്ചത്. അതിനിടെ, വി.എസ്സിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള രംഗത്തെത്തി. താന്‍ സവര്‍ണരുടെയോ അവര്‍ണരുടെയോ ആളല്ലെന്നും വി.എസ്സിന്റെ പരാമര്‍ശത്തെപ്പറ്റി കൂടുതലൊന്നും അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളാ കോണ്‍ഗ്രസ് (ബി), എല്‍ ജെ ഡി, ഐ എന്‍ എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെയാണ് കഴിഞ്ഞദിവസം മുന്നണിയിലെടുത്തത്.

0Shares